തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ നിയമ വകുപ്പ് അറിയേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്‍. കരാര്‍ ഒപ്പിടാന്‍ ഐ.ടി വകുപ്പിന് അവകാശമുണ്ട്. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും എ.കെ ബാലന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ ജനകീയ അംഗീകാരം സര്‍ക്കാരിനുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണ് പ്രതിപക്ഷത്തിന്റെ ഭയം.
ഐ.ടി വകുപ്പ് യോഗ്യരായ കമ്പനിയെയാണ് കരാര്‍ ഏല്‍പ്പിച്ചത്. ഐ.ടി സെക്രട്ടറിയുടെ നിലപാടില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. ഡാറ്റ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കരാര്‍ നടത്തിയതെന്നും എ.കെ ബാലന്‍ പറഞ്ഞു.
വാട്‌സ് ആപ്പായാലും ഫേസ്ബുക്ക് ആയാലും അവര്‍ നമ്മുടെ വിവരങ്ങള്‍ എടുക്കുന്നില്ലേ. ദുരുപയോഗിക്കാന്‍ സാധിക്കാത്ത രീതിയിലാണ് ഐ.ടി വകുപ്പ് ഇത് കൈകാര്യം ചെയ്തത് എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കുക എന്നതിനപ്പുറം കള്ളപ്രചരണം നടത്തിയിട്ട് എന്താണ് കാര്യമെന്നും മന്ത്രി ചോദിച്ചു.
ഡാറ്റാ കളക്ഷന്‍ അനാലിസിസ് പരിപൂര്‍ണമായും നടത്തേണ്ടത് ഐ.ടി വകുപ്പാണ്. നിയമവകുപ്പ് കാണണമെന്ന് ഭരണവകുപ്പിന് തോന്നിയാലേ തരേണ്ടതുള്ളു. എല്ലാ ഫയലും തരേണ്ട ആവശ്യമില്ല.
ഒരു സാങ്കേതിക വിദ്യ വെറുതെ ഒരാള്‍ തരുന്നു. അത് സ്വീകരിക്കുന്നതിന് എന്താണ് തടസം. അത് ദുരുപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് പറയുന്നു. ഗവര്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വരുന്ന അപകാതയുടെ ഭാഗമായി ഒരു ഡാറ്റയും പുറത്തുപോകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടും വീണ്ടും വീണ്ടും വിവാദമാക്കുക എന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുക.
മുഖ്യമന്ത്രിമാരായിരുന്ന ഉമ്മന്‍ ചാണ്ടിയുടേയും ആന്റണിയുടേയും കാലത്ത് 1500 കോടി എ.ഡി.ബി ബാങ്കില്‍ നിന്ന് ഭരണനവീകരണത്തിന് വേണ്ടി വായ്പയെടുത്തിരുന്നു. അതിന്റെ എന്തെങ്കിലും കടലാസ് സെക്രട്ടറിയേറ്റിലുണ്ടോ? അങ്ങനെയുള്ളവരാണ് ഇത് ചോദ്യം ചെയ്യുന്നത്.
സ്പ്രിംഗ്ലര്‍ യോഗ്യതയുള്ള കമ്പനിയാണ്. എല്ലാ നടപടികളും സുതാര്യമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാന്‍ ലക്ഷങ്ങള്‍ നില്‍ക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷം അനാവശ്യ വിവാദവുമായി എത്തിയത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കെട്ടിവെച്ച കാശ് കിട്ടില്ലെന്ന തിരിച്ചറിവിലാണ് അവര്‍ ഇത്തരമൊരു വിവാദവും കൊണ്ടു വന്നത്.
എന്നാല്‍ ഞങ്ങള്‍ ഇത് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നവരല്ല. കേരളത്തിന്റെ താത്പര്യം വെച്ച് ചെയ്തതാണ്. കരാര്‍ നിയമവിരുദ്ധമെങ്കില്‍ പ്രതിപക്ഷം എന്തുകൊണ്ട് കോടതിയില്‍ പോകുന്നില്ലെന്നും എ.കെ ബാലന്‍ ചോദിച്ചു.
ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത നിലയിലാണ് ഐ.ടി വകുപ്പ് ഇത് കൈകാര്യം ചെയ്തത്. ഡാറ്റ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കിയത് ആശങ്ക അകറ്റാനാണെന്നും എ.കെ ബാലന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ഏതറ്റം വരെ പോകുമെന്നതിന്റെ തെളിവാണ് ലാവ്‌ലിന്‍ കേസില്‍ പിണറായിയുടെ ഭാര്യ കമലയ്ക്ക് സിംഗപ്പൂരില്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഉണ്ടെന്ന് വരെ പറഞ്ഞത്. ഇവര്‍ എന്തും വിളിച്ചു പറയും.