മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. 2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസനുമായി അജുവിന് സിനിമയിലേക്ക് എത്തുന്നതിന് മുമ്പേ തന്നെയുള്ള പരിചയമാണ്. ഇരുവരും ചെന്നൈയില്‍ ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീതിനെ താന്‍ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് പറയുകയാണ് അജു വര്‍ഗീസ്.
ചെന്നൈയിലെ മലയാളി ഗ്രൂപ്പുകളിലൂടെയാണ് താന്‍ വിനീതിനെ പരിചയപ്പെടുന്നത് എന്നാണ് അജു പറയുന്നത്. അന്ന് നടന്‍ ശ്രീനിവാസന്റെ മകന്‍ എന്നൊരു ഐഡന്റിറ്റി ഒഴിച്ചാല്‍ സാധാരണ വിദ്യാര്‍ത്ഥി മാത്രമായിരുന്നു വിനീതെന്ന് അജു പറഞ്ഞു.
കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നുതുടങ്ങുന്ന പാട്ട് പാടുന്നതോടെയാണ് വിനീത് ക്യാമ്പസിലെ താരമാകുന്നതെന്നും അജു കൂട്ടിച്ചേര്‍ത്തു.
‘ചെന്നൈയിലെ കെ.സി.ജി എഞ്ചിനീയറിങ് കോളേജിലാണ് ഞാനും വിനീതും പഠിച്ചിരുന്നത്. ഞങ്ങള്‍ ബാച്ച് മേറ്റ്‌സായിരുന്നു. വിനീത് മെക്കാനിക്കും ഞാന്‍ ഇലക്ട്രോണിക്സും ഐച്ഛിക വിഷയമായി എടുത്താണ് പഠിച്ചത്.
വിനീതുമായുള്ള സൗഹൃദം തുടങ്ങുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍, ചെന്നൈയിലാകുമ്പോള്‍ പ്രത്യേകിച്ചും നമ്മളെ കൂട്ടിയിണക്കുന്ന ആദ്യത്തെ കണ്ണി മലയാളി ഗ്രൂപ്പുകളായിരിക്കുമല്ലോ. അങ്ങനെയാണ് വിനീതിനെയും പരിചയപ്പെടുന്നത്.
നടന്‍ ശ്രീനിവാസന്റെ മകന്‍ എന്നൊരു ഐഡന്റിറ്റി ഒഴിച്ചാല്‍ സാധാരണ വിദ്യാര്‍ത്ഥി മാത്രമായിരുന്നു വിനീത്. ഫസ്റ്റ് ഇയറിന് ശേഷമാണ് വിനീത് സിനിമയില്‍ പിന്നണി പാടുന്നത്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നുതുടങ്ങുന്ന പാട്ടായിരുന്നു പാടിയത്.
അതോടെയാണ് വിനീത് ക്യാമ്പസിലെ താരമാകുന്നത്. പാട്ടുപാടാന്‍ വിനീതിന് വലിയ ഇഷ്ടമായിരുന്നു. ആര് എപ്പോള്‍ പറഞ്ഞാലും വിനീത് പാട്ടുപാടും. ഒരു മടിയും കാട്ടിയിരുന്നില്ല. ഇന്നും ആ സ്വഭാവത്തിന് വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല,’ അജു വര്‍ഗീസ്
Content Highlight: Aju Varghese Talks About Vineeth Sreenivasan