വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജുവിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു. സിനിമയിലെ അജുവിന്റെ നെഗറ്റീവ് കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
കമല എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചിരുന്നു. നടന്‍ പൊലീസ് വേഷത്തില്‍ എത്തിയ ക്രൈം ഡ്രാമ വെബ് സീരീസായിരുന്നു കേരള ക്രൈം ഫയല്‍സ്. ആഷിക് ഐമര്‍ രചന നിര്‍വഹിച്ച ചിത്രം അഹമ്മദ് കബീര്‍ ആയിരുന്നു അത് സംവിധാനം ചെയ്തത്.
സീരീസില്‍ എസ്.ഐ മനോജ് ശ്രീധരനായിട്ടാണ് അജു വര്‍ഗീസ് എത്തിയത്. കേരള ക്രൈം ഫയല്‍സ് ചെയ്യുമ്പോള്‍ താന്‍ മോഹന്‍ലാലിന്റെ മുഖം, കമ്പനി എന്നീ സിനിമകളില്‍ നിന്നൊക്കെ ഏറെ ഇന്‍സ്‌പെയേര്‍ഡായിരുന്നു എന്ന് പറയുകയാണ് അജു.
പൊലീസ് യൂണിഫോമും തന്റെ പൊക്കവുമൊക്കെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ബാധ്യത ആയിരുന്നു എന്നാണ് നടന്‍ പറയുന്നത്. സുരേഷ് ഗോപിയെ പോലെയുള്ള ആളുകളുടെ പൊലീസ് വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ പൊലീസെന്ന് പറയുമ്പോള്‍ ഒരു ഫയര്‍ ബ്രാന്‍ഡുണ്ടെന്നും അജു പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘പൊലീസ് യൂണിഫോം വലിയ ബാധ്യതയാണ്. പൊക്കം എന്റെ ഉള്ളിലെ ഏറ്റവും വലിയ ബാധ്യതയാണ്. എന്റെ ബോഡി ഷേപ്പ് ഒരു പൊലീസുകാരന് പറ്റുന്നതാണോ എന്ന ചോദ്യവുമുണ്ട്. ഇവിടെ മലയാളത്തില്‍ രണ്‍ജി ചേട്ടനെ (രണ്‍ജി പണിക്കര്‍) പോലെ പൊലീസ് കഥാപാത്രങ്ങളെ എഴുതിയ ആളുണ്ട്. സുരേഷേട്ടനെ (സുരേഷ് ഗോപി) പോലെയുള്ള ആളുകളാണ് ആ വേഷങ്ങള്‍ ചെയ്തത്.
ഒരിക്കലും ഞാന്‍ അങ്ങനെ താരതമ്യപ്പെടുത്തുകയല്ല. പ്രേക്ഷകരുടെ മനസില്‍ പൊലീസ് എന്ന് പറയുമ്പോള്‍ ഒരു ഫയര്‍ ബ്രാന്‍ഡുണ്ട്. അതും മലയാളത്തിലെ എല്ലാ പൊലീസ് സിനിമകളും അത്രയും കണ്‍വീന്‍സിങ്ങായിട്ടാണ് ചെയ്തിട്ടുള്ളത്. ചുമ്മാ മറ്റു ഭാഷ മസാല പടങ്ങള്‍ പോലെയോയല്ല. സോളിഡ് പെര്‍ഫോമന്‍സും അത് ഡെലിവര്‍ ചെയ്യാനാകുന്ന ആക്ടേസുമാണ് നമുക്കുള്ളത്.
ഒരാളെ കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്, മൂന്നുപേരെ കുറിച്ചുമാണ് പറഞ്ഞത്. സുരേഷേട്ടന്‍ മാത്രമല്ല മമ്മൂക്കയും ലാല്‍ സാറുമൊക്കെയുണ്ട്. മമ്മൂക്കയുടെ ബല്‍റാം എന്ന സിനിമയും ആവനാഴിയുമൊന്നും ചെറുതല്ല. ആ പൊലീസ് ക്യാരക്ടേഴ്‌സിനൊക്കെ വേറെ തന്നെ ആംഗിളാണ്.
ലാല്‍ സാറിന്റെ പൊലീസ് സിനിമകള്‍ വേറെ രീതിയിലുള്ളതാണ്. സത്യം പറഞ്ഞാല്‍ കേരള ക്രൈം ഫയല്‍സിലേക്ക് വരുമ്പോള്‍ മുഖം എന്ന സിനിമയില്‍ നിന്നും കമ്പനിയെന്ന സിനിമയില്‍ നിന്നുമൊക്കെ ഞാന്‍ ഏറെ ഇന്‍സ്‌പെയേര്‍ഡാണ്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Kerala Crime Files And Mohanlal’s Movie