മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു മിന്നല്‍ മുരളി. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോയാണ് ടൈറ്റില്‍ റോളിലെത്തിയത്. കണ്ടുശീലിച്ച സൂപ്പര്‍ഹീറോ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു മിന്നല്‍ മുരളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ സംവിധായകന്‍ ബേസില്‍ ജോസഫ് തന്റെ സജഷന്‍ പ്രകാരം ഒരു ഷോട്ട് വെച്ചെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. മിന്നല്‍ മുരളിയില്‍ മാത്രമല്ല മറ്റേത് ചിത്രമായാലും താന്‍ ബേസില്‍ ജോസഫ് പറയുന്നത് കേള്‍ക്കുമെന്നും കാരണം അദ്ദേഹം അത്രയും കഴിവും കാലിബറും ഉള്ള ആളാണെന്നും അജു വര്‍ഗീസ് പറഞ്ഞു.
മിന്നല്‍ മുരളി എന്ന സിനിമയില്‍ അവസാനം ടൊവിനോ തോമസ് ജയില്‍ പൊളിച്ച് വരുന്ന രംഗമുണ്ടെന്നും ഡബ്ബിങ് പോയപ്പോള്‍ ആ ഷോട്ടിന്റെ രണ്ടാമത്തെ ടേക്കാണ് ഉണ്ടായിരുന്നതെന്നും അജു പറഞ്ഞു. എന്നാല്‍ തനിക്ക് ആദ്യത്തെ ടേക്കാണ് കൂടുതല്‍ ഇഷ്ടമായതെന്നും അത് ബേസിലിനോട് പറഞ്ഞപ്പോള്‍ ചിത്രത്തില്‍ ആ ടേക്ക് ഉപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘മിന്നല്‍ മുരളി എന്ന ചിത്രമായാലും മറ്റേത് സിനിമയായാലും ബേസില്‍ പറഞ്ഞാല്‍ ഞാന്‍ എന്തായാലും കേള്‍ക്കും. അദ്ദേഹത്തെ ഞാന്‍ കണ്ണടച്ച് വിശ്വസിക്കും. കാരണം നമുക്കറിയാം അദ്ദേഹത്തിന്റെ കാലിബറും കഴിവുമെല്ലാം.
മിന്നല്‍ മുരളിയില്‍ അവസാനം ടൊവിനോ ജയില്‍ പൊളിച്ച് വരുന്നൊരു രംഗമില്ലേ, അത് ഞാന്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി പോയപ്പോള്‍ സെക്കന്റ് ടേക്ക് ആയിരുന്നു വെച്ചിരുന്നത്. അപ്പോള്‍ ഞാന്‍ ബേസിലിനോട് പറഞ്ഞു ആദ്യത്തെ ടേക്ക് കുറച്ചുകൂടി നല്ലതാണെന്ന് എനിക്കൊരു തോന്നല്‍ ഉണ്ട്. ഒന്ന് വെച്ച് നോക്കെന്ന്.
സിനിമ ഇറങ്ങിക്കഴിഞ്ഞ് നോക്കുമ്പോള്‍ ചിത്രത്തില്‍ ആദ്യത്തെ ടേക്കാണ് വെച്ചിരിക്കുന്നത്. ബേസിലിന് അത് ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല. ഇല്ല ചേട്ടാ അതിനേക്കാള്‍ നല്ലത് ഇതാണെന്ന് എനിക്ക് തോന്നിയെന്ന് അവന്‍ പറഞ്ഞാല്‍ എനിക്ക് ഓക്കേ ആണ്. പക്ഷെ അവന്‍ എന്റെ സജഷന്‍ സ്വീകരിച്ച് ഞാന്‍ പറഞ്ഞ ടേക്ക് വെച്ചു,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Basil Joseph And Minnal Murali Movie