Entertainment
80സ് 90സ് കിഡായത് കൊണ്ടുണ്ടായ പൊതുബോധം; വൈകിയാണെങ്കിലും അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 21, 06:40 am
Saturday, 21st December 2024, 12:10 pm

കരയുകയെന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണെന്നും താന്‍ കരയാറുണ്ടെന്നും പറയുകയാണ് നടന്‍ അജു വര്‍ഗീസ്. ആണുങ്ങള്‍ കരയരുത് എന്നായിരുന്നു ഒരു കാലഘട്ടം വരെ താന്‍ വിശ്വസിച്ചിരുന്നതെന്നും അത് തന്നെ വീട്ടില്‍ നിന്ന് പഠിപ്പിച്ചതോ സിനിമയില്‍ നിന്ന് ലഭിച്ചതോ ആയ കാര്യമല്ലെന്നും നടന്‍ പറയുന്നു.

80സ് 90സ് കിഡായത് കൊണ്ട് ഉണ്ടായ ഒരു പൊതുബോധമായിരുന്നു അതെന്നും എന്നാല്‍ ആ പൊതുബോധം തെറ്റായിരുന്നുവെന്ന് വളരെ വൈകിയാണെങ്കിലും താന്‍ തിരിച്ചറിഞ്ഞുവെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ആക്ഷന്റെയും കട്ടിന്റെയും ഇടയില്‍ സംവിധായകനും എഴുത്തുകാരനും ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റും അഭിനേതാക്കളും ചെയ്യുന്ന ക്രിക്കറ്റ് മാച്ചിന്റേത് പോലെയുള്ള ടീം വര്‍ക്കാണ് സിനിമ. ആ ടീം വര്‍ക്കില്‍ ചെറിയ ഒരു താളപ്പിഴ വന്നാല്‍ ഓരോ വ്യക്തികളുടെയും പെര്‍ഫോമന്‍സിനെ ബാധിക്കും.

ഒരു പ്രശ്‌നവും ഇല്ലാതെ ഓക്കെയാവണമെന്നുള്ളത് കൊണ്ട് നമുക്ക് സിനിമയുടെ ഫ്യൂച്ചര്‍ പ്രെഡിക്റ്റ് ചെയ്യാനാകില്ല. പിന്നെ ആര് എന്തുപറഞ്ഞാലും കേള്‍ക്കാന്‍ തയ്യാറായി നില്‍ക്കണം. അത്രമാത്രമേ ചെയ്യാനാകുകയുള്ളൂ. അതിന്റെ ഇടയില്‍ വിഷമമായാല്‍ കരയാം.

കരയുക എന്നത് എല്ലാവരും ചെയ്യുന്ന കാര്യമല്ലേ. അങ്ങനെ കരയാറുണ്ടോയെന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും ഞാന്‍ കരയാറുണ്ട്. ഒരു കാലഘട്ടം വരെ ഞാന്‍ വിശ്വസിച്ചിരുന്നത് ആണുങ്ങള്‍ കരയരുത് എന്നായിരുന്നു. അത് എന്നെ വീട്ടില്‍ നിന്ന് പഠിപ്പിച്ചതോ സിനിമയില്‍ നിന്ന് ലഭിച്ചതോ ആയ കാര്യമൊന്നുമല്ല.

ഒരു പൊതുബോധമായിരുന്നു അത്. 80സ് 90സ് കിഡ് ആയത് കൊണ്ടാകണം അങ്ങനെ തോന്നിയത്. എന്നാല്‍ ആ പൊതുബോധം തെറ്റായിരുന്നു എന്ന് വളരെ വൈകിയാണെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese Says That Crying Is Something Everyone Does And He Used To Cry