മിന്നൽ മുരളിയിൽ താൻ ചെയ്ത കഥാപാത്രം മികച്ചതായിരുന്നെന്ന് ബേസിൽ ജോസഫ് ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്ന് നടൻ അജു വർഗീസ്. ഗോദ സിനിമയിൽ അഭിനയിക്കുമ്പോൾ താൻ അല്പം ഉഴപ്പിയിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം സിനിമ ചെയ്താലും ഓരോ സീനുകൾ എടുക്കുമ്പോഴും രണ്ടാമതൊരു ടേക്ക് എടുക്കാൻ താൻ മനസുകൊണ്ട് തയ്യാർ ആയിരിക്കുമെന്നും അജു വർഗീസ് പറഞ്ഞു. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
മിന്നൽ മുരളിയിൽ അജു ചെയ്ത കഥാപാത്രം ബേസിൽ വിചാരിച്ചതിലും മികച്ചതായിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും ആ കഥാപാത്രം അജുവിന്റെ ഡിസൈൻ ആയിരുന്നോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ഓരോ സീനും ബേസിൽ പറയുന്നത് കേട്ട് ചെയ്യാറാണ് പതിവ്. എന്റേതായ രീതിയിൽ വർക്ക് ചെയ്യാറില്ല. ഗോദ ചെയ്യുമ്പോൾ ഞാൻ നന്നായി ഉഴപ്പി. ബേസിൽ മികച്ച ഡയറക്ടർ ആണെന്നുള്ള കോൺഫിഡൻസ് എനിക്കുണ്ട്. ഞാൻ ജഡ്ജ് ചെയ്യുന്നതിനപ്പുറം കഴിവുള്ള പ്രതിഭയാണ് ബേസിൽ. മിന്നൽ മുരളിയിലെ കഥാപാത്രം മികച്ചതാണെന്നൊന്നും ബേസിൽ എന്നോട് പറഞ്ഞിട്ടില്ല.
സുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും ബേസിലിന്റെയും വിനീതിന്റേയുമൊക്കെ കൂടെ വർക്ക് ചെയ്യുമ്പോൾ രണ്ടാമതൊരു ടേക്ക് എടുക്കാൻ ഞാൻ മനസുകൊണ്ട് തയ്യാർ ആകും. ഇപ്പോൾ ഞാൻ ചെയ്ത കേരള ക്രൈം ഫയൽസിൽ 22 ടേക്കുകൾ പോയ ഒരു സീൻ ഉണ്ട്. ഞാൻ അതിന് മനസുകൊണ്ട് തയ്യാറായിരുന്നു. ആ സംവിധായകന് വേണ്ടത്ര ടേക്ക് പോകട്ടെ. എനിക്ക് അതിൽ ബോധ്യമുള്ള സീൻ ഉണ്ടെങ്കിൽ അതുകൂടി ഒന്ന് പരിഗണിക്കാൻ പറയും. മിന്നൽ മുരളിയിലും ഞാൻ അത് മാത്രമാണ് ചെയ്തുള്ളു.
മിന്നൽ മുരളിയിൽ ടൊവിനോ ജയിൽ പൊളിച്ചിട്ട് ഇറങ്ങിപോകുമ്പോൾ ഞാൻ നോക്കുന്ന സീൻ ഉണ്ട്. അത് രണ്ട് ടേക് ഉണ്ടായിരുന്നു. ഞാൻ ബേസിലിനോട് ചോദിച്ചു ടേക്ക് വൺ തന്നെ വെക്കാമോയെന്ന്, ആ സീൻ ബേസിൽ എനിക്കായി വെച്ച് തന്നു,’ അജു വർഗീസ് പറഞ്ഞു.
അഹമ്മദ് കബീർ സംവിധാനം ചെയ്ത് ആഷിഖ് ഐമർ തിരക്കഥ എഴുതിയ കേരള ക്രൈം ഫയൽസ് എന്ന സീരീസുമായിട്ടാണ് അജു വർഗീസ് എത്തിയിരിക്കുന്നത്. ആറ് എപ്പിസോഡുകളുള്ള സീരീസ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.