വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നടനാണ് അജു വര്‍ഗീസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കോമഡി റോളുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അജു വര്‍ഗീസ് 2019ല്‍ റിലീസായ കമല എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഹെലന്‍ എന്ന സിനിമയിലൂടെ വില്ലന്‍ വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.
ടി.വി. രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നമാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമ എന്നത് എല്ലാവര്‍ക്കും സാധ്യമാണെന്ന് തെളിയിച്ച വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റെന്ന താന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അതില്‍ എന്താണ് തോന്നുന്നതെന്നുമുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ഇന്ന് ആര്‍ക്കും സിനിമ തിയേറ്ററില്‍ ചെയ്യാമെന്നുള്ള ധൈര്യം മലയാളിക്ക് നല്‍കിയതില്‍ പ്രമുഖ വ്യക്തിയെന്ന് ഞാന്‍ കരുതുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. തിയേറ്ററിലിറക്കി ഹിറ്റാക്കിയ ആ ധൈര്യമുണ്ട്. സോഷ്യല്‍ മീഡിയയൊന്നും ഇല്ലാതിരുന്ന അന്നത്തെക്കാലത്ത് അങ്ങനെയൊരു സിനിമ ചെയ്തയാളാണ് അദ്ദേഹം. ഇന്ന് ഫോണില്‍ വരെ ആളുകള്‍ സിനിമയെടുക്കുന്നതിലേക്കെത്തിയതിന്റെ കാരണം അതാണ്. പുതുമയുള്ള സബ്ജക്ടാണ് എന്ന പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അവര്‍ ആ സിനിമ കാണും,’ അജു പറഞ്ഞു.
സുബീഷ് സുധി, ഷെല്ലി, ഗൗരി ജി കിഷന്‍, വിനീത് വാസുദേവ്, ഗോകുലന്‍ എന്നിവരാണ് ഭാരത സര്‍ക്കാര്‍ ഉത്പന്നത്തിലെ പ്രധാന താരങ്ങള്‍. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.വി. കൃഷ്ണന്‍ തുരുത്തി, രഞ്ജിത് ജഗന്നാഥന്‍, കെ.സി. രഘുനാഥ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അന്‍സാര്‍ ഷാ ഛായാഗ്രഹണവും, അജ്മല്‍ ഹസ്ബുള്ള സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.
Content Highlight: Aju Varghese about Santhosh Pandit