മുംബൈ: എന്‍.സി.പി പിളര്‍ത്തി അജിത് പവാര്‍ ഷിന്‍ഡേ സര്‍ക്കാരില്‍ എത്തിയതിന് പിന്നാലെ സീറ്റ് വിഭജനത്തില്‍ പ്രതിസന്ധി. പ്രധാന വകുപ്പുകള്‍ ആദ്യ മന്ത്രി സഭാ യോഗത്തില്‍ അജിത് പവാര്‍ വിഭാഗം ആവശ്യപ്പെട്ടതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ധനകാര്യം, ഊര്‍ജം, സഹകരണം, ജലസേചനം എന്നീ വകുപ്പുകളാണ് അജിത് പവാര്‍ പക്ഷം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരില്‍ എന്‍.സി.പി ഈ വകുപ്പുകളാണ് കൈകാര്യം ചെയ്തതെന്ന് കാട്ടിയാണ് ആവശ്യമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ അജിത് പവാര്‍ പക്ഷത്തിന് ധനകാര്യവകുപ്പ് നല്‍കുന്നതില്‍ എതിര്‍പ്പുമായി ഷിന്‍ഡേ പക്ഷത്തെ എം.എല്‍.എമാരും എത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അജിത് ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തിയിരുന്നു. ഷിന്‍ഡേ പക്ഷത്തിന് പ്രധാന വകുപ്പുകള്‍ എന്‍.സി.പിക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നാണ് സൂചന.
അതേസമയം, എന്‍.സി.പി പിളര്‍പ്പിന് ശേഷം ശരദ് പവാറും അജിത് പവാറും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. യഥാര്‍ത്ഥ എന്‍.സി.പി തങ്ങളാണെന്ന് ഇരുവിഭാഗവും അവകാശമുന്നയിക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. ദക്ഷിണ മുംബൈയിലെ വൈ.ബി ചവാന്‍ സെന്ററിലാണ് ശരദ് പവാര്‍ ഉച്ചക്ക് ഒരു മണിക്ക് യോഗം ചേരുക. സബര്‍ബന്‍ ഭാന്ദ്രയിലാണ് അജിത് പവാര്‍ 11 മണിക്ക് യോഗം വിളിച്ചിരിക്കുന്നത്. ഇതോടെ ഏതൊക്കെ നേതാക്കള്‍ ഇരുപക്ഷത്തിനൊപ്പമുണ്ടെന്ന് കാര്യത്തില്‍ ഇന്ന് വ്യക്തത വരും.
കഴിഞ്ഞ ദിവസമായിരുന്നു രാജ്ഭവനിലെത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ അജിത്ത് പവാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി നിയമ സഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ശരദ് പവാറിനൊടൊപ്പമാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും പാര്‍ട്ടി സമീപിച്ചിരുന്നു.
സുനില്‍ തത്കരെ എം.പിയെയും, പ്രഫുല്‍ പട്ടേല്‍ എം.പിയെയും എന്‍.സി.പി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ശരദ് പവാര്‍ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇരുവരെയും പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.