സോളാര്‍ കേസ് അട്ടിമറിച്ചതിന് ലഭിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങി; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുമ്പും ആരോപണം തുടര്‍ന്ന് അന്‍വര്‍
national news
സോളാര്‍ കേസ് അട്ടിമറിച്ചതിന് ലഭിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങി; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുമ്പും ആരോപണം തുടര്‍ന്ന് അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2024, 9:49 am

തിരുവനന്തപുരം: ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താനിരിക്കുന്നതിന് തൊട്ടുമുമ്പും എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതെരിെ ആരോപണം തുടര്‍ന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. സോളാര്‍ കേസ് അട്ടിറിട്ടതിന് ലഭിച്ച കൈക്കൂലിപ്പണം കൊണ്ട് അജിത്കുമാര്‍ തിരുവനന്തപുരത്തെ കവടിയാറില്‍ ഫ്‌ളാറ്റ് വാങ്ങിയെന്നാണ് ഇന്ന് പി.വി. അന്‍വര്‍ പറഞ്ഞിരിക്കുന്നത്.

33.8 ലക്ഷം രൂപക്ക് 2016 ഫെബ്രുവരി 19ന് വാങ്ങിയ ഫ്‌ളാറ്റ് 10 ദിവസങ്ങള്‍ക്ക് ശേഷം ഇരട്ടി വിലക്ക് വില്‍പന നടത്തിയെന്നും അന്‍വര്‍ ആരോപിക്കുന്നു. ഇതിന് പിന്നില്‍ വലിയ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നും അന്‍വര്‍ പറയുന്നു. ആ ഫ്‌ളാറ്റില്‍ ഇപ്പോള്‍ ആരാണ് താമസിക്കുന്നതെന്ന് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച പരാതി ഡി.ജി.പിക്ക് നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി പരാജയമാണെന്ന് ഇന്നും പി.വി. അന്‍വര്‍ ആരോപിച്ചു. അദ്ദേഹം കാരണമാണ് ഈ സര്‍ക്കാറിന് ഇത്രയധികം ചീത്തപ്പരുണ്ടാക്കിയതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പി. ശശിയാണെന്നും മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന് തടസ്സമുണ്ടാക്കുന്നത് അദ്ദേഹമാണെന്നും അന്‍വര്‍ പറയുന്നു.

യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിന് പി. ശശിക്ക് എന്തെങ്കിലും ലഭിച്ചോ എന്ന് അറിയില്ലെന്നും എന്നാല്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് കോടികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. തന്റെ ആരോപണളുടെ പേരില്‍ മുഖ്യമന്ത്രി സമ്മര്‍ദത്തിലാകില്ലെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കാനിരിക്കെയാണ് അന്‍വര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അജിത്കുമാറിനെതിരെ ഉയര്‍ന്നിട്ടുള്ള പരാതികളില്‍ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

content highlights: Ajith Kumar bought flat with money received from botched solar case; Anwar followed the accusation just before the press conference of the Chief Minister