നമ്മളായിട്ട് മമ്മൂക്കയെ സ്‌റ്റൈലാക്കേണ്ട; ആദ്യ സിനിമയില്‍ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് പിന്നീടും: അജയ് വാസുദേവ്
Film News
നമ്മളായിട്ട് മമ്മൂക്കയെ സ്‌റ്റൈലാക്കേണ്ട; ആദ്യ സിനിമയില്‍ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് പിന്നീടും: അജയ് വാസുദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th February 2024, 8:41 am

25ലധികം സിനിമകള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് പിന്നീട് സംവിധായകന്റെ കുപ്പായമണിഞ്ഞ വ്യക്തിയാണ് അജയ് വാസുദേവ്. 2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ രാജാധിരാജയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

പിന്നീട് മമ്മൂട്ടിയെ നായകനാക്കി മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോള്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് അജയ് വാസുദേവ്.

‘ആദ്യത്തെ സിനിമ ചെയ്തപ്പോഴുള്ള മമ്മൂക്കയും മൂന്നാമത്തെ സിനിമ ചെയ്തപ്പോഴുള്ള മമ്മൂക്കയും തമ്മിലുള്ള വ്യത്യാസം ചോദിച്ചാല്‍, അതില്‍ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. ആദ്യ സിനിമയില്‍ അദ്ദേഹം എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരുന്നു പിന്നീടും.

അദ്ദേഹവുമായി കൂടുതല്‍ പരിചയമായപ്പോള്‍ മമ്മൂക്ക കൂടുതല്‍ സ്‌നേഹം കാണിക്കുകയും ഇക്കക്ക് വഴക്ക് പറയാനുള്ള സ്വാതന്ത്ര്യം കൂടുകയും ചെയ്തു എന്ന മാറ്റമാണ് ഉള്ളത്,’ അജയ് വാസുദേവ് പറയുന്നു.

മമ്മൂട്ടി എന്ന് പറഞ്ഞാല്‍ തന്നെ ഒരു സ്‌റ്റൈലാണ്, ആ മമ്മൂട്ടിയെ ഫാന്‍സിന് വേണ്ടി കൂടുതല്‍ സ്‌റ്റൈല്‍ ആക്കാന്‍ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.

‘നമ്മളായിട്ട് മമ്മൂക്കയെ സ്‌റ്റൈലാക്കേണ്ട ആവശ്യമില്ല. മമ്മൂക്ക ഓള്‍റെഡി സ്‌റ്റൈലാണ്. പിന്നെ അത് മാത്രമല്ല, നമ്മള്‍ ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞാല്‍ അതിന്റെ ഗെറ്റപ്പ് എങ്ങനെയാകുമെന്ന് മമ്മൂക്കയുടെ മനസില്‍ ഉണ്ടാകും.

അത് പുള്ളി ഇടക്ക് മെസേജ് അയക്കുമ്പോഴൊക്കെ ഷെയര്‍ ചെയ്യും. നമ്മള്‍ പല സജഷന്‍സും പറയുമ്പോള്‍ പുള്ളി അതൊക്കെ കേള്‍ക്കും. പക്ഷെ എല്ലാം ഫൈനലൈസ് ചെയ്യുന്നത് മമ്മൂക്ക തന്നെയാകും,’ അജയ് വാസുദേവ് പറയുന്നു.


Content Highlight: Ajay Vasudev Talks About Mammootty