ഇന്റിമേറ്റ് സീന്‍ സിനിമയില്‍ വളരെ ഇമ്പോര്‍ട്ടന്റ് ആണെങ്കില്‍ അപ്പോള്‍ ചെയ്യും; ടൈപ്പ് കാസ്റ്റ് ആകാന്‍ താത്പര്യമില്ല: ഐശ്വര്യ ലക്ഷ്മി
Entertainment
ഇന്റിമേറ്റ് സീന്‍ സിനിമയില്‍ വളരെ ഇമ്പോര്‍ട്ടന്റ് ആണെങ്കില്‍ അപ്പോള്‍ ചെയ്യും; ടൈപ്പ് കാസ്റ്റ് ആകാന്‍ താത്പര്യമില്ല: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th November 2024, 10:54 am

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചിരുന്നു.

ടൈപ്പ് കാസ്റ്റ് ആകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തെലുങ്കിലെ ആദ്യ സിനിമ ഫീമെയില്‍ സെന്‍ട്രിക്ക് ആയപ്പോള്‍ പലരും ഇനി അങ്ങോട്ട് കിട്ടുന്ന കഥാപാത്രങ്ങള്‍ എല്ലാം അങ്ങനത്തെ ആകുമെന്ന് പറഞ്ഞെന്ന് ഐശ്വര്യ പറയുന്നു.

മായാനദി എന്ന സിനിമക്ക് ശേഷവും ഇനി എല്ലാ സിനിമയിലും കിസ്സിങ് സീന്‍ ഉണ്ടാകുമെന്ന് പലരും പറഞ്ഞെന്നും അത്തരം ടൈപ്പ് കാസ്റ്റ് ആകാന്‍ തനിക്ക് താത്പര്യമില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘നല്ലൊരു സ്‌ട്രോങ്ങ് ആയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളെ എനിക്ക് ചുമക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ നിന്നാണ് തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും മികച്ച കഥാപാത്രങ്ങള്‍ എനിക്ക് ലഭിക്കുന്നത്. എനിക്ക് ഇപ്പോഴും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുപോലതന്നെ ഇത്തരം സ്‌ട്രോങ്ങ് ആയിട്ടുള്ള കഥാപാത്രങ്ങളെ എഴുതുമ്പോള്‍ അവര്‍ എന്നെ മനസില്‍ കാണുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

ബോധപൂര്‍വ്വം തന്നെ ഞാന്‍ എടുത്ത തീരുമാനമായിരുന്നു ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാം എന്നുള്ളത്. തെലുങ്കില്‍ ഞാന്‍ എന്റെ ആദ്യത്തെ സിനിമ ചെയ്യുന്നത് ആമസോണ്‍ പ്രൈമിന് വേണ്ടിയിട്ടാണ്. ഒരു ഫീമെയില്‍ സെന്‍ട്രിക്കായുള്ള ചിത്രമായിരുന്നു അമ്മു.

എന്നോട് കുറെ പേര്‍ പറഞ്ഞിട്ടുണ്ടായിരുന്നു സ്ത്രീ പ്രാധാന്യം ഉള്ള സിനിമയില്‍ ആദ്യമേ കേറി അഭിനയിക്കരുത്. കുറച്ച് ഡാന്‍സും പാട്ടും ക്യൂട്ട്‌നെസ്സും ഒക്കെയുള്ള സിനിമയിലൂടെ വേണം തുടങ്ങാന്‍, ആദ്യം തന്നെ പോയി സീരിയസ് കഥാപാത്രം ചെയ്താല്‍ പിന്നീട് ഇത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി മാത്രമേ അവര്‍ വിളിക്കുകയുള്ളുവെന്ന് അവര്‍ പറഞ്ഞിരുന്നു.

എനിക്ക് ഇഷ്ടപെട്ടതുകൊണ്ടാണല്ലോ ഞാന്‍ ആ കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നത്. പിന്നെ വരുന്ന കഥാപാത്രങ്ങളും അമ്മുവിനെ പോലെ ഉള്ളതാണെങ്കില്‍ ഞാന്‍ അത് ചെയ്യാതിരുന്നാല്‍ മതിയല്ലോ. അങ്ങനെ ടൈപ്പ് കാസ്റ്റ് ആകുമോ എന്ന പേടിയും ആര്‍ക്കും വേണ്ടല്ലോ.

മായാനദിക്ക് ശേഷവും എല്ലാവരും പറഞ്ഞു ഇനി വരുന്ന സിനിമകിലെല്ലാം കിസ്സിങ് സീന്‍ ഉണ്ടാകുമെന്ന്. ആ ടൈപ്പ് കാസ്റ്റ് എനിക്ക് മാറ്റാന്‍ കഴിഞ്ഞല്ലോ. ഇനി ഇന്റിമേറ്റ് സീന്‍ വളരെ ഇമ്പോര്‍ട്ടന്റ് ആയിട്ടുള്ള സിനിമ വരികയാണെങ്കില്‍ അപ്പോള്‍ ചെയ്യാനോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കും,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aiswarya Lekshmi Talks About Breaking Type Cast