Entertainment news
ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതിന് ഞാന്‍ എന്തിന് ഡാന്‍സ് കളിക്കണമെന്നായിരുന്നു ടൊവിനോ പെട്ടെന്ന് മറുപടി പറഞ്ഞത്, ഞാന്‍ ചുമ്മാ ചിരിച്ച് കൊണ്ട് നിന്നു: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 31, 03:42 am
Monday, 31st October 2022, 9:12 am

ടൊവിനോ തോമസ് മുഖത്ത് നോക്കി കാര്യം പറയുന്ന വ്യക്തിയാണെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. സൈമ അവാര്‍ഡ് ദാന പരിപാടിയില്‍ ഐശ്വര്യ ലക്ഷ്മിക്ക് അവാര്‍ഡ് നല്‍കിയതിന് പിന്നാലെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തിയ ശേഷം സ്റ്റേജില്‍ ഡാന്‍സ് കളിക്കണമെന്ന അവതാരകരുടെ ആവശ്യം നിരസിച്ച ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനേക്കുറിച്ചും ഐശ്വര്യ പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ സ്‌റ്റേജില്‍ വെച്ച് അവതാരകരുടെ ആവശ്യം നിരസിച്ചതിനേക്കുറിച്ച് പറഞ്ഞത്.

”ടൊവിനോ മുഖത്ത് നോക്കി കാര്യം പറയും. എനിക്ക് ഒരു അവാര്‍ഡ് കിട്ടിയിട്ട് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചിരുന്നു. ഒന്നാമത് എനിക്ക് ഭയങ്കര സ്‌ട്രെസ് ഉള്ള സമയമായിരുന്നു. പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷനും കുമാരിയുടെ ഷൂട്ട് ഒക്കെ ആയി ഞാന്‍ ഭയങ്കര ക്ഷീണത്തിലായിരുന്നു. ഞാന്‍ സ്‌റ്റേജില്‍ കേറി ഫുള്‍ നന്ദി ഒക്കെ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനും നന്ദി പറഞ്ഞിരുന്നു.

സ്റ്റേജിലേക്ക് അദ്ദേഹത്തെ വിളിച്ചപ്പോള്‍ എന്റെ കൂടെ അഭിനയിച്ച സിനിമക്ക് ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതിന് എനിക്ക് നന്ദിയുണ്ട് എന്നൊക്കെ പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ കൂടെ ഡാന്‍സ് കളിക്കാന്‍ വേണ്ടി പറഞ്ഞു.

പെട്ടെന്ന് അദ്ദേഹം ഓപ്പണ്‍ ആയി ചോദിച്ചു ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതിന് ഞാന്‍ എന്തിനാണ് ഡാന്‍സ് കളിക്കുന്നതെന്ന്. ഞാന്‍ എന്നിട്ടും ഔട്ട് ഓഫ് മൈന്‍ഡ് ആയത് കൊണ്ട് ചുമ്മാ ചിരിച്ച് കൊണ്ട് നില്‍ക്കുകയാണ്.

ആദിലും പേളിയുമായിരുന്നു അവതാരകര്‍. അവരുടെ പ്രശ്‌നം കൊണ്ടല്ല. രണ്ട് പേരെ കൊണ്ടും ചോദിപ്പിച്ചതാണ്. പക്ഷേ അദ്ദേഹം അവിടെ നിന്ന് തന്നെ വളരെ ഓപ്പണായി അവര്‍ക്ക് മറുപടി കൊടുത്തു,” ഐശ്വര്യ പറഞ്ഞു.

കാണെക്കാണെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മലയാള സിനിമയിലെ മികച്ച നടിക്കുള്ള പുരസ്‌കാരമായിരുന്നു ഐശ്വര്യക്ക് ലഭിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ ഐശ്വര്യ നന്ദി പറഞ്ഞതിന് ശേഷം ടൊവിനോയെ അവതാരകരായ പേളി മാണിയും ആദിലും ചേര്‍ന്ന് സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.

മണവാളന്‍ വസീമായി ടൊവി പാട്ട് പാടി ഡാന്‍സ് കളിച്ചതാണ്. ആ ഡാന്‍സ് സ്റ്റെപ്പുകള്‍ ഐശ്വര്യക്ക് ഒന്ന് പഠിപ്പിച്ച് കൊടുക്കുക എന്ന് ആദില്‍ പറഞ്ഞു. എന്നാല്‍ ക്യാമറക്ക് മുന്നില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുറത്തിറങ്ങി ചെയ്യാന്‍ പറ്റാത്ത ആളാണ് താനെന്നായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയുടെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതില്‍ ടൊവിനോയ്ക്ക് എന്താണ് കാര്യമെന്നും ചോദിച്ചവരുണ്ടായിരുന്നു. സ്വന്തം പരിശ്രമം കൊണ്ടും കഴിവ് കൊണ്ടും ഉയര്‍ന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ടൊവിനോയ്ക്കാണ് അവാര്‍ഡ് ലഭിച്ചതെങ്കില്‍ കരിയറിലെ പ്രധാനപ്പെട്ട ആളെന്ന് പറഞ്ഞ് ഐശ്വര്യയെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുമോയെന്നും ചോദ്യങ്ങളുയര്‍ന്നിരുന്നു.

content highlight: aiswarya lekshmi about tovino thomas