Entertainment news
മഞ്ജു ചേച്ചി ആ ഷോട്ട് ചെയ്യുന്നത് കണ്ടിട്ടാണ് ഞാന്‍ മായാനദിയില്‍ അങ്ങനെ ചെയ്തത്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 16, 10:47 am
Friday, 16th December 2022, 4:17 pm

തിരക്കഥയും സംവിധായകനും ഡിമാന്റ് ചെയ്യുന്ന രീതിയിലാണ് താന്‍ അഭിനയിക്കുന്നതെന്ന് നടി ഐശ്വര്യ ലക്ഷ്മി. അതില്‍ കൂടുതലൊന്നും ആലോചിച്ച് ചെയ്യാനുള്ള ബുദ്ധി തനിക്കില്ലെന്നും താരം പഞ്ഞു. യുബിഎല്ലിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഒന്നും ആലോചിച്ച് ചെയ്യാനുള്ള ബുദ്ധിയൊന്നും എനിക്കില്ല. എന്താണ് തിരക്കഥയില്‍ പറയുന്നത്, അല്ലെങ്കില്‍ എന്താണ് ഡയറക്ടര്‍ പറയുന്നത് അത് മാത്രമേ ഞാന്‍ ചെയ്യാറുള്ളു. എന്റെ സൈഡില്‍ നിന്നും എനിക്ക് പറ്റാവുന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

ഞാന്‍ ചെയ്തതില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു സംഭവമുണ്ട്. അത് ഇപ്പോഴും എന്റെ മനസിലുണ്ട്. അത് ഹൗ ഓള്‍ഡ് ആര്‍ യു സിനിമയില്‍ മഞ്ജു ചേച്ചി ചെയ്തതായിരുന്നു. ആ സിനിമയില്‍ മഞ്ജു ചേച്ചി ഡോര്‍ ചാടികടക്കുന്ന ഒരു സീനുണ്ട്. അതിന്റെ മേക്കിങ് വീഡിയോ ഞാന്‍ കണ്ടിരുന്നു.

ആ വീഡിയോയില്‍ അങ്ങനെയൊരു ഷോട്ട് കണ്ടപ്പോള്‍ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരു കഥാപാത്രം ഡൈനാമിക്കായി എന്നാല്‍ നോര്‍മലായി ബിഹൈവ് ചെയ്യുന്നതായിരുന്നു അവിടെ കണ്ടത്. ആ സീന്‍ ഞാന്‍ മായാനദിയില്‍ കാണിച്ചിട്ടുണ്ട്. ആ സിനിമയില്‍ ഒരു പാട്ട് സീനില്‍ അപ്പു കോളേജ് ഗേറ്റ് കടന്നുവരുന്നുണ്ട്. അവിടെ നിന്നും ബൈക്കില്‍ കയറുന്ന ഒരു സീനുമുണ്ട്.

 

 

മഞ്ജു ചേച്ചി ചെയ്തതുപോലെ ഒരു മൂവ്‌മെന്റ് എവിടെയെങ്കിലും കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ മായാനദിയില്‍ ഞാനത് ചെയ്തു. പിന്നെ വിജയ് സൂപ്പറും പൗര്‍ണമിയും ഒരു റീമേക്ക് ഫിലിമായിരുന്നു. എന്റെയടുത്ത് ഒരുപാട് പേര്‍ പറഞ്ഞിരുന്നു, നീ അതിന്റെ ഒറിജിനല്‍ കാണണം അതില്‍ റിതു വര്‍മ നന്നായി ചെയ്തിട്ടുണ്ടെന്ന്.

അങ്ങനെ ആ സിനിമ കണ്ടിട്ടാണ് ഞാന്‍ വിജയ് സൂപ്പറും പൗര്‍ണമിയും ചെയ്തത്. ഓരോ സീനിലും അവര്‍ എങ്ങനെ ചെയ്തു എന്നൊക്കെ അതില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

content highlight: aiswarya lakshmi talks about manju warrier