മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറി, മായാനദിയിലെ അപ്പുവടക്കം ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് താരം മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്.
തന്റെ അഭിനയരീതികളെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇതിനെ കുറിച്ച് പറയുന്നത്.
താനൊരു മെത്തേഡ് ആക്ടറല്ല എന്നാണ് താരം പറയുന്നത്. ആ സീനിന് എന്താണോ ആവശ്യമുള്ളത്, ഡയറക്ടര്‍ എന്താണോ ആവശ്യപ്പെടുന്നത് അതിനനുസരിച്ച് ചെയ്യാറാണ് പതിവെന്നും ഐശ്വര്യ പറയുന്നു.
കഥാപാത്രവുമായുള്ള താദാത്മ്യം വളരെ വലിയ കാര്യമാണെന്നും, ഇതിലൂടെയാണ് തന്റെ ബെസ്റ്റ് കൊണ്ടുവരാന്‍ സാധിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു. ബാക്കിയുള്ളതൊക്കെ സിനിമയിലെ മറ്റു താരങ്ങള്‍ക്കൊപ്പമുള്ള സഹകരണമാണ് എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
‘പ്രേക്ഷകരോട് നന്ദി, അവര്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന ഈ ജോലി ഇത്രയും പൂര്‍ണതയോടെ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. എന്നെ സംബന്ധിച്ച് സിനിമ കേവലമൊരു കരിയര്‍ മാത്രമല്ല ഒരുപാട് സന്തോഷം തരുന്ന ലൈഫ് എക്‌സ്പീരീയന്‍സാണ്,’ ഐശ്വര്യ പറഞ്ഞു.
2017 മുതല്‍ 2021 വരെയുള്ള നാല് വര്‍ഷങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും പ്രേക്ഷകര്‍ നല്ല സ്‌നേഹമാണ് തന്നിട്ടുള്ളതെന്നും അത് മറക്കാന്‍ പറ്റില്ലെന്നും ഐശ്വര്യ പറയുന്നുണ്ട്.