Kerala News
കോഴ്സുകളെ 'ഷേവ്' ചെയ്യുന്നതിന് പകരം 'പോടാ പട്ടേലിനെ ഷേവ് ചെയ്യൂ'; സംഘ് അനുകൂലിയുടെ കമന്റിന് മറുപടിയുമായി ഐഷ സുല്‍ത്താന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 14, 02:53 pm
Sunday, 14th November 2021, 8:23 pm

കവരത്തി: ശിശുദിനത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പോസ്റ്റുമായി ബന്ധമില്ലാത്ത സംഘപരിവാര്‍ അനുകൂലിയുടെ കമന്റിന് മറുപടിയുമായി സംവിധായികയും സാമൂഹിക പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന.

‘ലക്ഷദ്വീപിലെ കോഴ്‌സുകള്‍ കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ നിന്നും മാറ്റി പോണ്ടിച്ചേരി യൂ.സിയുടെ കീഴിലേക്ക്.. സംഹാരതാണ്ഡവ ടീമുകള്‍ വരിവരിയായി വന്ന് നിന്ന് കരഞ്ഞ് മെഴുകേണ്ടതാണ്,’എന്നായിരുന്നു സംഘ് അനുകൂലിയുടെ കമന്റ്. ഇതിനുള്ള ഐഷയുടെ മറുപടിയാണ് ചര്‍ച്ചയാവുന്നത്.

‘ഇവിടെ കിടന്ന് ഷേവ് ഷേവ് എന്നും പറഞ്ഞ് കരഞ്ഞോണ്ടിരിക്ക് ഇനി.. ഗുജറാത്തില്‍ നിന്നും പട്ടേലിനെ എന്നെന്നേക്കുമായി പടിയിറക്കി കഴിഞ്ഞു.. ഇനി ഷേവ് പോടാ പട്ടേല്‍,’ എന്നായിരുന്നു ഐഷയുടെ മറുപടി.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ നടപ്പിലാക്കുന്ന ഭേദഗതികള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഐഷ സുല്‍ത്താന.

ഇതേതുടര്‍ന്ന് നിരവധിയായ സൈബര്‍ ആക്രമണങ്ങളായിരുന്നു സംഘ് പ്രൊഫൈലുകളില്‍ നിന്നും ഐഷ സുല്‍ത്താനയ്ക്ക് നേരിടേണ്ടി വന്നിരുന്നത്.

നേരത്തെ, ലക്ഷദ്വീപ് ബി.ജെ.പി ഘടകം നല്‍കിയ പരാതിയെ തുടര്‍ന്ന് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്ന ഐഷയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Aisha Sultana replies to Sangh comment