തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെ പുറത്താക്കണമെന്ന് എ.ഐ.എസ്.എഫ്. പരാമര്‍ശം കേരളീയ സമൂഹത്തിന് അപമാനമാണെന്നും എ.ഐ.എസ്.എഫ്. പറഞ്ഞു.
‘സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരിച്ചത്. ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവ്വതരമായാണ് കാണേണ്ടത്,’ എ.ഐ.എസ്.എഫ്. പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ചിട്ടില്ലെന്ന് ജോസഫൈന്‍ പറഞ്ഞു. അനുഭവിച്ചോളൂ എന്ന് പറഞ്ഞിട്ടില്ലെന്നും പ്രസ്തുത പരാതി പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതായിരുന്നെന്നും ജോസഫൈന്‍ പറഞ്ഞു.
‘ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ജോലിചെയ്യുന്നത്. കാരണം അതിന് മാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്,’ ജോസഫൈന്‍ പറഞ്ഞു.
ഒരു സ്ത്രീയ്ക്ക് അസഹനീയമായ അനുഭവം ആരില്‍ നിന്നുണ്ടായാലും പെട്ടെന്ന് വനിതാ കമ്മീഷനിലേക്ക് ഓടിയെത്താനാകില്ലെന്നും അതുകൊണ്ടാണ് പൊലീസ് സ്റ്റേഷനില്‍ പരാതികൊടുക്കാന്‍ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘പൊലീസ് സ്റ്റേഷനില്‍ പരാതിക്കൊടുത്താല്‍ അതിന്റേതായ ബലം കൂടിയുണ്ടാകും. അതെല്ലാ പരാതിക്കാരോടും പറയുന്നതാണ്. ചിലപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടിവരും. അത്രയെ പറയുന്നൂള്ളൂ, കൂടുതലൊന്നും പറയുന്നില്ല,’ ജോസഫൈന്‍ പറഞ്ഞു.
പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നായിരുന്നു ജോസഫെന്‍ പറഞ്ഞത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.
എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.
ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.
എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.
വേണമെങ്കില്‍ കമ്മീഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന്‍ പിന്നീട് പറയുന്നത്.
ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.
നേരത്തെയും ജോസഫൈന്റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. നേരത്തെ 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്റെ നടപടിയും വിവാദമായിരുന്നു.