Karnataka crisis
കാലുവാരിയവരോട് 'കടക്ക് പുറത്ത്'; കര്‍ണാടകത്തില്‍ 14 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 30, 04:08 pm
Tuesday, 30th July 2019, 9:38 pm

ന്യൂദല്‍ഹി: കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നു താഴെയിറക്കിയ 14 വിമത എം.എല്‍.എമാരെ ഒടുവില്‍ പാര്‍ട്ടി പുറത്താക്കി. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ എ.ഐ.സി.സി ഇന്ന് അംഗീകരിക്കുകയായിരുന്നു.

പാര്‍ട്ടിവിരുദ്ധ നടപടികള്‍ക്കു പുറത്താക്കുകയാണെന്നു വ്യക്തമാക്കി സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്.

മഹേഷ് ഐ. കുമ്മതല്ലി, ശ്രീമന്ത് ബി. പാട്ടീല്‍, രമേഷ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം മഹാബലേശ്വര്‍ ഹെബ്ബാര്‍, ബി.സി പാട്ടീല്‍, ആര്‍. ശങ്കര്‍, ആനന്ദ് സിങ്, കെ. സുധാകര്‍, ബി.എ ബസവരാജ്, എസ്.ടി സോമശേഖര്‍, മുനിരത്തന, റോഷന്‍ ബെയ്ഗ്, എം.ടി.ബി നാഗരാജ് എന്നിവരെയാണു പുറത്താക്കിയത്.

നേരത്തേ ഈ 14 പേരെയും ജെ.ഡി.എസിന്റെയും മൂന്നുപേരെയും അയോഗ്യരായി രാജിവെച്ച സ്പീക്കര്‍ രമേശ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.

മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യരാക്കിയതോടെ കര്‍ണാടക നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്നും ചട്ടപ്രകാരമല്ലാതെ രാജി സമര്‍പ്പിച്ചതിനാലുമാണ് എം.എല്‍.എമാരെ അയോഗ്യരാക്കിയത്.

പക്ഷേ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിജയിച്ചിരുന്നു. 106 പേരുടെ പിന്തുണയോടെയാണ് ശബ്ദവോട്ടില്‍ യെദ്യൂരപ്പ വിജയിച്ചത്.