ന്യൂദല്‍ഹി: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിണറായി വിജയനെ ക്ഷണിക്കാത്തതിന് കാരണം ഇപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരെ മാത്രമാണ് ക്ഷണിക്കുന്നത് എന്നത് കൊണ്ടാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ‘എല്ലാ പാര്‍ട്ടികളുടേയും ദേശീയ നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്.
സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയെയും ക്ഷണിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഭരണകക്ഷി പാര്‍ട്ടിയുടെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആയതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചത്. എല്ലാ കാലത്തും കോണ്‍ഗ്രസ് സത്യപ്രതിജ്ഞക്ക് ദേശീയ നേതാക്കളെ മാത്രമാണ് ക്ഷണിക്കാറുള്ളത്. പിണറായി വിജയനെ ക്ഷണിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്’ അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ നേതാക്കളുടെ ഐക്യത്തിന് വേണ്ടി മൂന്ന് നാല് ദിവസം ഹൈക്കമാന്‍ഡിന് ഇടപെടേണ്ടി വന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. ‘ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം ആ ആവശ്യം ശക്തമായി തന്നെ ഉന്നയിച്ചു.
അധ്യക്ഷന്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു സോണിയ ഗാന്ധിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എല്ലാവരുടേയും അഭിപ്രായം തേടിയിരുന്നു. സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിച്ചതും ഡി.കെയെ പ്രകോപിപ്പിച്ച് കാണും. പിന്നീട് എല്ലാവരും കൂടി സംസാരിച്ച് മഞ്ഞുരുകുകയായിരുന്നു.
കര്‍ണാടകയില്‍ നിലവില്‍ ടേം വ്യവസ്ഥയില്ല. എന്നാല്‍ ഹൈക്കമാന്‍ഡിന് എപ്പോള്‍ വേണമെങ്കിലും എന്ത് തീരുമാനവുമെടുക്കാനാകും,’ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഇരുപതിലധികം ആളുകള്‍ കര്‍ണാടകയിലെ മന്ത്രിസഭയിലുണ്ടാകുമെന്നും കെ.സി വേണുഗോപാല്‍ വെളിപ്പെടുത്തി. ‘ഏകദേശം സമ്പൂര്‍ണ ക്യാബിനറ്റ് തന്നെയാകും കര്‍ണാടകയില്‍ രൂപീകരിക്കുക. പ്രധാനപ്പെട്ട എല്ലാ ആളുകളും പങ്കെടുക്കുന്നതായിരിക്കണം ആദ്യ ക്യാബിനറ്റ് എന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. ആദ്യ കാബിനറ്റില്‍ തന്നെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ അഞ്ച് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കും.