ചെന്നൈ: അമ്മ മക്കല്‍ മുന്നേട്ര കഴകം നേതാവ് ശശികലയ്‌ക്കെതിരെ പരാതി നല്‍കി എ.ഐ.എഡി.എം.കെ. കര്‍ണാടകയില്‍ നിന്ന് ശശികല തിരികെ തമിഴ്‌നാട്ടിലേക്ക് ഫെബ്രുവരി എട്ടിന് മടങ്ങാനിരിക്കെയാണ് ശശികലയ്‌ക്കെതിരെ എ.ഐ.എ.ഡി.എം.കെ പരാതി സമര്‍പ്പിച്ചത്.
ശശികല തമിഴ്‌നാട്ടില്‍ അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തുവെന്ന് കാണിച്ചാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ പരാതി.
അതേസമയം അമ്മ മക്കല്‍ മുന്നേട്ര കഴകം നേതാവും ശശികലയുടെ മരുമകനുമായ ദിനകരന്‍ ഗൂഢാലോചന വാദത്തെ എതിര്‍ത്ത് മുന്നോട്ട് വന്നു.
അഴിമതി കേസില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ കര്‍ണാടകയില്‍ ചികിത്സ തേടിയത്.
ശശികലയുടെ തിരിച്ചുവരവിന് മുന്നോടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
തമിഴ്‌നാട്ടില്‍ ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികല തിരികെയെത്തുന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ എ.ഐ.എ.ഡി.എം.കെയില്‍ ശശികല ഘടകം ഇല്ലെന്നും പാര്‍ട്ടിനേതാക്കളില്‍ ആരെങ്കിലും അവരെ കണ്ടാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നുമാണ് പാര്‍ട്ടിവക്താവ് വൈഗയിഷെല്‍വന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എ.ഐ.എ.ഡി.എം.കെയുടെ കൊടിയുള്‍പ്പെടെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ട് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ദിനകരനും ശശികലയും ശ്രമിക്കുന്നത് എന്നാണ് ആരോപണം ഉയരുന്നത്. ശശികലയേയും ദിനകരനേയും പിന്തുണക്കുന്നവര്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് പറഞ്ഞതായും എ.ഐ.എ.ഡി.എം.കെ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ ദിനകരന്‍ ശശികലയെ സ്വീകരിക്കാന്‍ പൊലീസ് അനുമതി നല്‍കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ജയില്‍മോചിതയായി തിരികെയെത്തുന്ന ശശികലയ്ക്ക് എ.എം.എം.കെ വലിയ സ്വീകരണം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എ.ഐ.എ.ഡി.എം.കെയുടെ പരാതി കൂടി കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് തമിഴ്‌നാട്ടില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.