ചെന്നൈ: തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി. ഇതു സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായും പളനിസ്വാമി പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രി അമിത് ഷായും, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും ഞങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സഖ്യത്തെക്കുറിച്ച് തീരുമാനിച്ചത് ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളാണ് അല്ലാതെ സംസ്ഥാനത്തുള്ളവരല്ല. സഖ്യത്തെക്കുറിച്ച് കേന്ദ്രം തീരുമാനിക്കുമെന്നാണല്ലോ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കളും പറയുന്നത്,’ പളനിസ്വാമി പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പളനിസ്വാമിയുടെ അഭിപ്രായ പ്രകടനം. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയും എ.ഐ.എ.ഡി.എം.കെ നേതൃത്വവും തമ്മില്‍ ഉയര്‍ന്നു വന്ന തര്‍ക്കങ്ങളാണ് സഖ്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചത്.
ബി.ജെ.പിയുടെ ഐ.ടി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 13 പേര്‍ കഴിഞ്ഞ മാസം പാര്‍ട്ടി വിട്ട് എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു. അണ്ണാമലൈയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോകുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.
തങ്ങള്‍ ഇപ്പോഴും ബി.ജെ.പിയുമായി സഖ്യത്തിലാണെന്നും ഈറോഡ് ഈസ്റ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും അങ്ങനെ തന്നെയാണ് മത്‌സരിച്ചതെന്നും പളനിസ്വാമി പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇത് തുടരുമെന്നും പളനിസ്വാമി വ്യക്തമാക്കി.
അതേസമയം എ.ഐ.എ.ഡി.എം.കെയുമായി സഖ്യമില്ലെന്ന് താന്‍ എങ്ങും പറഞ്ഞിട്ടില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിന് 9 മാസങ്ങള്‍ കൂടി അവശേഷിക്കുന്ന സാഹചര്യത്തില്‍ സഖ്യത്തെക്കുറിച്ച് ഇപ്പോഴേ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്.
‘എ.ഐ.എ.ഡി.എം.കെ, ഞങ്ങളുടെ സഖ്യത്തിന്റെ ഭാഗമല്ലെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അവര്‍ ഇപ്പോഴും ഞങ്ങളോടൊപ്പമാണ്. അതിനര്‍ഥം 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സഖ്യം ഫൈനല്‍ രൂപത്തിലായി എന്നല്ല,’ അണ്ണാമലൈ പറഞ്ഞു.
Content Highlights: AIADMK-BJP Alliance will continue: EPS