Daily News
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ മുതല്‍; സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 17, 05:30 am
Sunday, 17th July 2016, 11:00 am

ന്യൂദല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സ്പീക്കറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ഇന്ന്. സഭാ നടപടികള്‍ തടസ്സപ്പെടാതെ കൊണ്ടുപോകുന്നതിന്  സഹകരണം തേടിയാണ് സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. അതേ സമയം ജി.എസ്.ടി ബില്ലിന്‍ പ്രതിപക്ഷത്തിന്റെ സഹകരണം തേടി സര്‍ക്കാരും സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

ഇരുപത് ദിവസം നീളുന്ന സെഷനില്‍ ജി.എസ്.ടി അടക്കം 12 സുപ്രധാന ബില്ലുകളാണ് സര്‍ക്കാരിന് പാസാക്കാനുള്ളത്. എന്നാല്‍ അരുണാചല്‍ പ്രദേശ്, കശ്മീര്‍, ഉത്തരാഖണ്ഡ് വിഷയങ്ങളുയര്‍ത്തി സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ സൂചന നല്‍കുന്നത്.

ദാദ്രിയില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കവും പ്രതിപക്ഷം ഉയര്‍ത്തിയേക്കും. കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള എം.പിമാരും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തും.

ക്യാബിനറ്റ് പുനസംഘാടനത്തിന് ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്.