കോഴിക്കോട്: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ ഐ.എന്‍.എല്ലില്‍ വിമര്‍ശനം. പാര്‍ട്ടിയുമായി ആലോചിക്കാതെ മന്ത്രി പല കാര്യങ്ങളിലും തീരുമാനമെടുത്തു പോകുകയാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി.
സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിന്റേതാണ് വിമര്‍ശനം. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും എതിര്‍ചേരിയിലുള്ളവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ അഹമ്മദ് ദേവര്‍കോവില്‍ അദാനി ഗ്രൂപ്പുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയത് വിവാദത്തിലായിരുന്നു. സെക്രട്ടറി കാസിം ഇരിക്കൂറാണ് അദാനി ഗ്രൂപ്പുമായുള്ള രഹസ്യചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാഴ്ച്ച മുന്‍പ് തിരുവനന്തപുരം മസകറ്റ് ഹോട്ടലില്‍ വെച്ച് നടന്ന രഹസ്യചര്‍ച്ചയേക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ അമര്‍ഷം പ്രകടിപ്പിച്ചതോടെ ഐ.എന്‍.എല്ലിലും ഇടതുമുന്നണിയിലും കാസിം ഇരിക്കൂറിനെതിരെ കടുത്ത എതിര്‍പ്പാണുയരുന്നത്.
ഐ.എന്‍.എല്ലിന്റെ ഏക എം.എല്‍.എയും മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവിലിനെ മുന്‍നിര്‍ത്തി കാസിം ഇരിക്കൂര്‍ വഴിവിട്ട പല നീക്കങ്ങളും നടത്തുന്നതായി പാര്‍ട്ടിയില്‍ തന്നെ പരാതിയുണ്ട്. നേതൃത്വവുമായി ആശയവിനിമയം പോലും നടത്താതെ കാസിം ഇരിക്കൂര്‍ അകന്നുനില്‍ക്കുകയാണെന്നും ഐ.എന്‍.എല്ലില്‍ വിമര്‍ശനമുണ്ട്.
മുന്നണിയിലെ ധാരണപ്രകാരം രണ്ടര വര്‍ഷത്തേക്കാണ് ഐ.എന്‍.എല്ലിന് മന്ത്രി പദവി ലഭിക്കുക. വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അഹമ്മദ് ദേവര്‍കോവില്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മൂലം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.