പ്രകാശന്‍ പറക്കട്ടെ സിനിമയുടെ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിനെ അഭിനന്ദിച്ചുകൊണ്ടാണ് ധ്യാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.
‘കൈ വെച്ചാല്‍ അതും ഹിറ്റ്, ഒരു ലക്കി ചാം. ഇന്ന് മുതല്‍ നീ ലിറ്റില്‍ സൂപ്പര്‍ സ്റ്റാറായി അറിയപ്പെടും. പ്രകാശനെ പറത്തിയ എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുമുള്ള നന്ദി. ഇന്ന് രാത്രി ഒമ്പത് മണിക്ക് ആദ്യമായി ലൈവില്‍ വരുന്നു,’ ധ്യാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ ചിത്രം കാണണമെന്ന അഭ്യര്‍ത്ഥനയുമായി ധ്യാന്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഈ ചിത്രം ഓടിയില്ലെങ്കില്‍ വീണ്ടും ലവ് ആക്ഷന്‍ പോലെയുള്ള കള്ളുകുടി പടവുമായി തന്നെ മുന്നോട്ട് പോകുമെന്നും അതിനാല്‍ എല്ലാവരും പടം തിയേറ്ററില്‍ പോയി കണ്ട് സഹായിക്കണമെന്നുമാണ് ധ്യാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. റിയലിസ്റ്റിക് സിനിമ, റിയലിസ്റ്റിക് ആക്ടേഴ്‌സ്, ആദ്യത്തെ ക്ലീന്‍ യു സിനിമ എന്നിങ്ങനെയാണ് ചിത്രത്തെ ധ്യാന്‍ വിശേഷിപ്പിച്ചത്.
ഷഹദ് സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, 9എം.എം. എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫണ്‍ടാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണസംരംഭമാണ്.
ഗൂഢാലോചന, ലവ് ആക്ഷന്‍ ഡ്രാമ, 9എം.എം. എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ടിനു തോമസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.
ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.
Content Highlight: After the release of Prakashan Parakkatte, Dhyan Sreenivasan thanked the audience