ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മന്ത്രിമാരും ജന പ്രതിനിധികളും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണമെന്നാണ് യോഗി ആവശ്യപ്പെട്ടത്. ജന പ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ വി.ഐ.പി സംസ്‌കാരം പ്രകടമാകാതെ നോക്കണമെന്നും യോഗി മുന്നറിയിപ്പ് നല്‍കി. സ്ഥിരമായി തങ്ങളുടെ മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായി ആശയവിനിമയം നടത്തണമെന്നും യോഗി മന്ത്രിമാരോട് നിര്‍ദേശിച്ചു.
വോട്ടര്‍മാരെ സന്ദര്‍ശിച്ച് നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടണം. അവരുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് ചോദിച്ചറിയണമെന്നും യോഗി പറഞ്ഞു. പ്രത്യേകിച്ച് സമൂഹത്തിലെ താഴെത്തട്ടിലുള്ളവരില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും യോഗി ചൂണ്ടിക്കാട്ടി. ഇതിലൂടെ മാത്രമേ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്ന് യു.പി മുഖ്യമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഇത്തവണ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. യു.പിയിലെ 80 ലോക്‌സഭാ സീറ്റില്‍ 33 സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ ഇത് 62 ആയിരുന്നു. അതേസമയം ഇത്തവണ കോണ്‍ഗ്രസിൻറെയും സമാജ്‌വാദി പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ഇന്ത്യാ സഖ്യം 43 സീറ്റുകളും പിടിച്ചെടുത്തു.
നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവും കേന്ദ്ര മന്ത്രിമാരുടെ തോല്‍വിയും ബി.ജെ.പിക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥിനെ ബി.ജെ.പി നേതൃത്വം വിശദീകരണം തേടുന്നതിനായി ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍, യു.പിയിലെ ബി.ജെ.പി നേതൃത്വത്തിനിടയില്‍ ആഭ്യന്തര കലഹം തുടങ്ങിയതായും ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlight: After the defeat in the Lok Sabha elections, Uttar Pradesh Chief Minister Yogi Adityanath gave instructions to the ministers