തുടര്‍ച്ചയായ പ്രളയങ്ങളില്‍ നിന്ന് കേരളം എന്തു പഠിച്ചു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയേക്കില്ല, എന്നാല്‍ പ്രളയങ്ങളില്‍ നിന്ന് മലയോര ജനത ചിലതെല്ലാം വ്യക്തമായി പഠിച്ചു എന്നതിലേക്കാണ് ആ മേഖലയില്‍ നടക്കുന്ന നിരവധിയായ പരിസ്ഥിതി സമരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ഗാഡ്ഗില്‍ അനുകൂലികളെ കല്ലെറിഞ്ഞോടിക്കാന്‍ തയ്യാറായി നിന്ന മലയോര കര്‍ഷകരില്‍ വലിയൊരു വിഭാഗം പശ്ചിമഘട്ട സംരക്ഷണത്തിനായി മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കുന്നിടത്ത് എത്തി നില്‍ക്കുകയാണ് ചിലയിടങ്ങളിലെങ്കിലും കാര്യങ്ങള്‍.
മലയോരത്തിന്റെ മനോഭാവത്തിലുണ്ടായ ഈ വ്യതിയാനം കൂടുതല്‍ പ്രകടമാകുന്നത് ഗാഡ്ഗില്‍ വിരുദ്ധ കലാപങ്ങളുടെ പ്രധാന ഭൂമികയായിരുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത.
കണ്ണൂര്‍ ജില്ലയിലെ പരിസ്ഥിതി പൗരാവകാശ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രണ്ടാം പ്രളയാനന്തരം രൂപീകരിച്ച ‘സേവ് കേരള കാമ്പയിന്‍ കമ്മറ്റി’ സെപ്റ്റംബര്‍ 18 ന് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജില്ലയുടെ മലയോര മേഖലകളില്‍ നിന്ന് നൂറു കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. പരിസ്ഥിതി സമരമുഖങ്ങളില്‍ മുന്‍പൊന്നും കാണാത്ത ഈ മനുഷ്യരെല്ലാം വിവിധ ക്വാറി സമരസമിതികളെ പ്രതിനിധീകരിച്ചായിരുന്നു മാര്‍ച്ചില്‍ അണിനിരന്നത്. ഈ മാര്‍ച്ചിന്റെ ഒരു പ്രധാന മുദ്രാവാക്യം ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക’ എന്നതായിരുന്നു.
ഒക്ടോബര്‍ 15 ന് ജില്ലയിലെ കുടിയേറ്റ മേഖലയായ നടുവിലില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പാറമടകള്‍ക്കെതിരായി സമരം ചെയ്യുന്ന നാട്ടുകാര്‍ മാര്‍ച്ച് നടത്തിയിരുന്നു, ഈ മാര്‍ച്ചിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടു. സമരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേരില്‍ മഹാ ഭൂരിപക്ഷവും കുടിയേറ്റ കര്‍ഷകരുടെ പിന്‍മുറക്കാരായിരുന്നു, ക്വാറി മേഖലയിലെ കരിമ്പാല സമുദായക്കാരായ നിരവധി പേരും മാര്‍ച്ചില്‍ അണിനിരന്നു. ശുദ്ധജലവും ശുദ്ധവായുവും സൈ്വര്യ ജീവിതവും തങ്ങളുടെ അവകാശമാണെന്ന മുദ്രാവാക്യം
കുടിയേറ്റ കര്‍ഷകരും പ്രാക്തന ഗോത്ര ജനതയും ഒരൊറ്റ ബാനറിനു പിന്നില്‍ അണി നിരന്ന് ആവശ്യപ്പെടുന്നു എന്നതില്‍ പശ്ചിമഘട്ടത്തില്‍ ഉരുത്തിരിയുന്ന പുതിയ ഹരിത രാഷ്ട്രീയത്തിന്റെ വ്യക്തമായ സൂചനകളുണ്ടെന്ന് കണ്ണൂരിലെ പൗരാവകാശ പ്രവര്‍ത്തകന്‍ ഡോ .സുരേന്ദ്രനാഥ് പറയുന്നു.
‘ഗാഡ്ഗില്‍ വിരുദ്ധ കലാപകാലത്ത് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മലയോര ജനത ഇന്ന് തിരിച്ചറിയുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തെ ഒരു തട്ടിലും മലയോര കര്‍ഷകരുടെ പ്രശ്നങ്ങളെ മറു തട്ടിലും നിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു ഇന്നേ വരെ നടന്ന ചര്‍ച്ചകള്‍. എന്നാല്‍ മലയോര കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ഒരേ പക്ഷത്ത് നില്‍ക്കുന്ന കാഴ്ചയാണ് കേരളത്തിലെ മലയോര മേഖലയില്‍ പലയിടത്തും കാണുന്നത്. കണ്ണൂര്‍ ജില്ലയില്‍ അത് കൂടുതല്‍ പ്രകടവുമാണ്. മലയോരത്ത് നടക്കുന്ന ഈ ചെറു സമരങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രധാന്യമുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികളുടെയും അവയുടെ നേതാക്കന്‍മാരുടെയും തീരുമാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സാധാരണ മനുഷ്യര്‍ സംഘടിച്ച് സമരങ്ങള്‍ക്കിറങ്ങുകയാണ്.’
1945 നും 1960 നുമിടയില്‍ മധ്യ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ കര്‍ഷകരും അവരുടെ പിന്‍തലമുറയുമാണ് കാസര്‍കോട്, കണ്ണൂര്‍ കോഴിക്കോട് ജില്ലകളുടെ മലയോര മേഖകളിലുള്ളത്. ഇവര്‍ ഭൂരിഭാഗവും കത്തോലിക്കാ വിശ്വാസികളാണ്. സഭ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തപ്പോള്‍ താമരശേരിയിലും കേളകത്തും കൊട്ടിയൂരും ആലക്കോടുമെല്ലാം കലാപ സമാനമായ സമരങ്ങള്‍ നടന്നു. കണ്ണൂര്‍ കേളകത്ത് വനം വകുപ്പ് ഓഫീസും വാഹനങ്ങളും പൊലീസ് ജീപ്പുകളും അഗ്നിക്കിരയായി, പശ്ചിമഘട്ട സംരക്ഷണം എന്ന വാക്ക് മിണ്ടുന്നത് പോലും ജനകീയമായി നിരോധിക്കപ്പെട്ടിരുന്നു. എന്നാലിന്ന് മലയോരത്തെ ജനജീവിതം സുരക്ഷിതമല്ലെന്ന ആശങ്ക കുടിയേറ്റ ജനത പരസ്പരം പങ്കു വയ്ക്കുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണം എന്ന ആശയത്തെ സംശയദൃഷ്ടിയോടെ കാണുന്നവരുടെ എണ്ണം മലയോര മേഖലയില്‍ കുറഞ്ഞു വരികയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
നടുവില്‍ പഞ്ചായത്തിലെ പാത്തമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ സമരം നടത്തുന്ന എല്‍സമ്മ പറയുന്നു ‘ധാരാളം വെള്ളമുണ്ടായിരുന്ന പ്രദേശമാണ് ഞങ്ങളുടേത്, വ്യാപകമായി പാറമടകള്‍ വന്നതോടെ കിണറുകള്‍ പലതും വേനലെത്തും മുന്‍പേ വറ്റിത്തുടങ്ങി, ഉള്ള നീര്‍ച്ചാലുകളിലൂടെ ക്രഷറുകളിലെ മലിനജലമാണൊഴുകുന്നത്, സമരമല്ലാതെ ഞങ്ങള്‍ക്ക് മറ്റു മാര്‍ഗമില്ല, കോടതിയില്‍ പോകാന്‍ പണമില്ലാത്ത സാധാരണക്കാരാണ് ഇവിടെയെല്ലാം താമസിക്കുന്നത്’ പാത്തമ്പാറ സംരക്ഷണ സമിതിയിലെ മുഴുവനാളുകളും പാത്തമ്പാറ സെന്റ് ആന്റണീസ് ഇടവകയിലെ അംഗങ്ങളാണ്.
പാത്തമ്പാറയ്ക്ക് തൊട്ടടുത്താണ് മഞ്ഞുമല. മഞ്ഞുമലയില്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ക്വാറി വിരുദ്ധ സമരം നടന്നുവരികയാണ്. ‘ദൂരദേശങ്ങളില്‍ നിന്നും വരുന്ന മുതലാളിമാര്‍ ക്വാറി നടത്തി, കൊള്ളലാഭവും കൊണ്ട് നാടുവിടുമ്പോള്‍ മലയോര കര്‍ഷകരുടെ ജീവിത സാഹചര്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാവുകയാണ്, ക്വാറികളും ക്രഷറുകളും മലയോര ജനതയ്ക്ക് തൊഴിലവസരങ്ങള്‍ പോലും പ്രദാനം ചെയ്യുന്നില്ല. പണിക്കാരെല്ലാം ഇതരസംസ്ഥാനത്തൊഴിലാളികളാണ്. ഒന്നോ രണ്ടോ ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്ക് പണി കിട്ടിയാലായി. ഞങ്ങള്‍ സമരം ചെയ്യുന്നത് മഞ്ഞുമല -മാവുഞ്ചാല്‍ ക്വാറികള്‍ക്കെതിരായാണ്. പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിന് തൊട്ടടുത്തായാണ് ഈ രണ്ടു ക്വാറികളും. ആ പ്രദേശത്തിന്റെ വലിയ ടൂറിസം സാധ്യതകളെ മുഴുവന്‍ തകര്‍ക്കുന്നതാണ് ഈ ഖനനങ്ങള്‍, എന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല’ – മഞ്ഞുമല സമരത്തിന് നേതൃത്വം നല്‍കുന്ന സജി ജോര്‍ജ് പറയുന്നു.
പശ്ചിമഘട്ടം സംരക്ഷിക്കാതെ മലയോരത്ത് ഇനി ജനജീവിതം സാധ്യമല്ല എന്നതാണവസ്ഥ. ഞങ്ങള്‍ക്കും ഞങ്ങളുടെ തലമുറകള്‍ക്കും ഇവിടെ ജീവിക്കണമെങ്കില്‍ ഖനന മാഫിയയെ സമരം ചെയ്ത് പരാജയപ്പെടുത്തേണ്ടതുണ്ട്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വലിയ പ്രതിഷേധമുണ്ടായ പ്രദേശങ്ങളാണിതെല്ലാം, ഗാഡ്ഗിലിനെതിരായ ചര്‍ച്ചകളായിരുന്നു പള്ളികളിലെല്ലാം നടന്നത്, എന്നാല്‍ രണ്ടാം പ്രളയത്തെ തുടര്‍ന്ന് ഗാഡ്ഗില്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമായപ്പോള്‍, പഴയ പ്രതിഷേധ ശബ്ദങ്ങള്‍ എങ്ങു നിന്നും ഉയര്‍ന്നു വന്നില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട് നടപ്പിലാക്കേണ്ടതായിരുന്നു എന്ന് തുറന്നു പറയുന്ന പലരെയും ഇന്ന് മലയോരത്ത് കാണാന്‍ കഴിയും.” സജി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ജില്ലയിലെ തന്നെ ശ്രീകണ്ഠപുരം പട്ടണം ഇത്തവണത്തെ പ്രളയത്തില്‍ ഒരാഴ്ചക്കാലം മുങ്ങി നില്‍ക്കുകയായിരുന്നു. ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്തിലെ മലയോര പ്രദേശങ്ങളെല്ലാം ഏറെ ഭീതിയോടെയാണ് പ്രളയകാലത്തെ അതിജീവിച്ചത്. ശ്രീകണ്ഠപുരം കരയത്തും ചാലില്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ആറ് പാറമടകളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നു. പാറമടകള്‍ക്കെതിരായി സമരം നടത്തുന്നവരെല്ലാം കരയത്തുംചാല്‍ ഇടവകയിലെ കര്‍ഷകരാണ്.
ഒക്ടോബര്‍ മാസം ആദ്യം സമരസമിതിയുടെ പൊതുയോഗം നടന്നത് പളളിയുടെ പാരിഷ് ഹാളിലാണ്, യോഗം ഉദ്ഘാടനം ചെയ്തത് പള്ളി വികാരി ഫാ: ജോര്‍ജ് ചേലമരമായിരുന്നു. യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകനായ നോബിള്‍ എം പൈകട എന്തുകൊണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കപ്പെടണമായിരുന്നു വിശദീകരിച്ചത്, കത്തോലിക്കാ വിശ്വാസികളായ കുടിയേറ്റ കര്‍ഷകര്‍ മാത്രമുള്ള ആ സദസ്സില്‍ മറിച്ചൊരഭിപ്രായം ആരും ഉന്നയിച്ചില്ല.
കരയത്തും ചാലില്‍ സമരത്തിനു നേതൃത്വം നല്‍കുന്ന തോമസ് ശാശേരിലിന്റെ അഭിപ്രായത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ഉറക്കെ പറയാനുള്ള ധൈര്യം പലര്‍ക്കും ഇല്ല, പക്ഷേ പലരും മനസ്സ് കൊണ്ട് അതാഗ്രഹിക്കുന്നുണ്ട്. അതിസമ്പന്നരായ ഒരു ന്യൂനപക്ഷത്തിന് ഇതൊന്നും പ്രശ്നമല്ല, പക്ഷേ മണ്ണില്‍ പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാര്‍ക്ക് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കാതെ ഇനി ഒരിഞ്ച് മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പറയുന്നു.
പാറമടകള്‍ക്കെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ നടക്കുന്ന മേഖലകളെല്ലാം ഗാഡ്ഗില്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. റിപ്പോര്‍ടിനെതിരായി നടന്ന കലാപത്തിനിടെ ജനക്കൂട്ടം വനം വകുപ്പിന്റെ ഓഫീസും പൊലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കിയ പ്രദേശമാണ് കേളകം. അതേ കേളകത്ത് ഇക്കഴിഞ്ഞ മാസം നടന്ന ഒരു പൊതുയോഗത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ നേരിട്ടെത്തി സംസാരിച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തെ ശ്രവിക്കാന്‍ എത്തിച്ചേര്‍ന്നത്.
യുവകര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.എം .സോവിറ്റ്പറയുന്ന തിങ്ങനെയാണ്.”പ്രക്ഷോഭകാലത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ അതിശക്തമായ ജനവികാരം നിലനിന്ന പ്രദേശങ്ങളായിരുന്നു കേളകവും കൊട്ടിയൂരുമെല്ലാം, പശ്ചിമഘട്ട സംരക്ഷണമെന്നു മിണ്ടാന്‍ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. അങ്ങനൊരു പ്രദേശത്താണ് ഗാഡ്ഗില്‍ തന്നെ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്, പ്രതിഷേധങ്ങള്‍ പോയിട്ട് മറുവാദങ്ങള്‍ പോലും മലയോര കര്‍ഷകരാരും ഉന്നയിച്ചില്ല. അവരെല്ലാം യഥാര്‍ത്ഥത്തില്‍ വൈകാരിക പ്രതികരണങ്ങള്‍ മാറ്റി വച്ച് ഗാഡ്ഗിലിനെ കേള്‍ക്കുകയായിരുന്നു.” ശരാശരി മലയോര കര്‍ഷകന്റെ നിലപാടുകള്‍ ഇത്തരത്തില്‍ സമ്പൂര്‍ണമായ പരിവര്‍ത്തനത്തിനു വിധേയമായതിനു പിന്നിലുള്ള കാരണങ്ങള്‍ പാരിസ്ഥിതികം തന്നെയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാളും എത്രയോ അധികം പാറമടകള്‍ ഇന്ന് മലയോരത്തുണ്ട്. ഒരു കിലോമീറ്ററിനുള്ളില്‍ തന്നെ മൂന്നും നാലും പാറമടകളും ക്രഷറുകളുമാണ് പലയിടത്തും പ്രവര്‍ത്തിക്കുന്നത്. പല മലകളും പൂര്‍ണമായും പാറമടക്കാരുടെ കയ്യിലായിക്കഴിഞ്ഞു. അവയുടെ താഴ്വരകളെ സ്ഫോടന ശബ്ദങ്ങള്‍ പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരിക്കുകയാണ്. ക്വാറികളുടെ ഒന്നും രണ്ടും കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകളുടെ ചുമരുകള്‍ പോലും വിണ്ടു കീറിയ നിലയിലാണ്.
അത്യുഗ്ര സ്ഫോടനങ്ങളില്‍ തെറിച്ചു വന്നേക്കാവുന്ന കരിങ്കല്‍ ചീളുകളെ ഭയന്നാണ് പാറമടകളുടെ സമീപമുള്ള കൃഷിയിടങ്ങളിലും പുരയിടങ്ങളിലും ആളുകള്‍ പണിയെടുക്കുന്നത്.
ജലക്ഷാമവും ഇന്ന് മലയോരത്ത് രൂക്ഷമാണ്. മിക്ക ക്വാറി സമരങ്ങളുടെയും പ്രധാന കാരണം ക്വാറികള്‍ വന്നതിനു ശേഷം നീര്‍ച്ചാലുകള്‍ മലിനമായതും കിണറുകള്‍ വറ്റിയതുമാണ്. മലമുകളിലെ നീരുറവകളില്‍ നിന്നും പൈപ്പ് വഴി ജലം കൊണ്ടുവരുന്ന രീതിയാണ് മലയോരത്തെ മിക്ക കുടുംബങ്ങളും നാളിതുവരെ അവലംബിച്ചു വന്നത്. ക്വാറികള്‍ വ്യാപകമായതോടെ ഈ നീരുറവകള്‍ പലതും അപ്രത്യക്ഷമായി.പാറകളില്‍ രൂപം കൊളളുന്ന വിള്ളലുകള്‍ ഉറവകള്‍ അപ്രത്യക്ഷമാകാന്‍ കാരണമായേക്കാമെന്ന് ഈ രംഗത്തെ പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം വിള്ളലുകളിലൂടെ ഇറങ്ങുന്ന വെള്ളം മറ്റിടങ്ങളില്‍ അസ്വാഭാവിക ഉറവകളായി പ്രത്യക്ഷപ്പെടുകയും ചിലപ്പോള്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും വരെ കാരണമാകുകയും ചെയ്യുന്നു.
നീര്‍ച്ചാലുകളില്‍ നിന്ന് നിയമപരമായി പാലിക്കേണ്ട ദൂരപരിധി ക്വാറികള്‍ പാലിക്കുന്നില്ല. പലതും നീര്‍ച്ചാലുകളുടെ കൃത്യം ഉദ്ഭവസ്ഥാനത്തു തന്നെ പ്രവര്‍ത്തിക്കുന്നു. ക്വാറികളുടെ സമീപത്തു തന്നെയുള്ള ക്രഷറുകള്‍ അവിടെയുണ്ടാകുന്ന മലിനജലം നേരിട്ട് തോടുകളിലേക്ക് തുറന്നു വിടുന്നു. ചില ക്രഷറുകള്‍ മലമുകളില്‍ ഈ വെള്ളം സംഭരിച്ചു നിര്‍ത്തുകയും ചെയ്യുന്നു. ഇത്തരം ജലസംഭരണികള്‍ തകര്‍ന്ന് ഉരുള്‍പൊട്ടലിനു സമാനമായ സ്ഥിതിവിശേഷങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്, ഈ പ്രളയകാലത്ത് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ടുമലയിലുണ്ടായ ഇത്തരമൊരു ക്വാറി ജന്യ ഉരുള്‍പൊട്ടലില്‍ 200 മീറ്റര്‍ വീതിയിലും രണ്ട് കിലോമീറ്റര്‍ നീളത്തിലും കൃഷി സ്ഥലം പൂര്‍ണമായും നശിച്ചു പോയിരുന്നു. തൃപ്പങ്ങോട്ടൂരും ജനകീയ സമര സമിതി പ്രക്ഷോഭം നടത്തി വരികയാണ്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്വാറികളും ക്രഷറുകളും പ്രര്‍ത്തിക്കുന്ന ഗ്രാമ പഞ്ചായത്ത് തൃപ്പങ്ങോട്ടൂരാണ്.
കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ സംഘടിക്കുന്നു എന്നതാണ് ഇത്തരം സമരങ്ങളുടെ മറ്റൊരു സവിശേഷത, ബി.ജെ.പി. യുടെ ശക്തികേന്ദ്രമായ തൃപ്പങ്ങോട്ടൂര്‍ നരിക്കോട്ടുമലയില്‍ സമരത്തില്‍ അണിനിരക്കുന്നവര്‍ ഭൂരിഭാഗവും ബി.ജെ.പി പ്രവര്‍ത്തകരാണ്. പെരിങ്ങോം വയക്കര പഞ്ചായത്തില്‍ ക്വാറിക്കെതിരായ സമരത്തില്‍ അണിനിരക്കുന്നവര്‍ ഭൂരിഭാഗവും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. എന്നാല്‍ കളക്ട്രേറ്റ് മാര്‍ച്ചില്‍ ഒരൊറ്റ ബാനറിനു പിന്നില്‍ നരിക്കോട്ടു മല സമരസമിതിയും പെടേന സമരസമിതിയും അണിനിരന്നു. മലയോരത്തിന്റെ ജനകീയ സമരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ജനകീയം തന്നെയാണ്. അത് ചര്‍ച്ച ചെയ്യുന്നത് നിലനില്‍പിന്റെ രാഷ്ട്രീയവുമാണ്.