ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ് പൂരിലെ ദേരാ ബാബാ നാനാക് ഗുരുദ്വാരക്കടുത്തുള്ള ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. പാകിസ്താനിലെ കര്‍താര്‍പൂര്‍ സാഹിബില്‍ നിന്നുള്ള പാത പാക് പ്രധാനമന്ത്രി ഇംറാന്‍ഖാനും ഉദ്ഘാടനം ചെയ്യും. ഗുരുദാസ്പൂരില്‍ നിന്ന് കര്‍താര്‍പൂരിലേക്കുള്ള പാത തുറന്നു കൊടുക്കുന്നതോടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, നവജ്യോത് സിംഗ് സിദ്ദു, സണ്ണി ഡിയോള്‍ എന്നിവരടക്കമുള്ള പ്രതിനിധി സംഘം കര്‍താര്‍പൂരിലേക്ക് പോകും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മദിനത്തിന് മുന്നോടിയായാണ് ഇടനാഴി തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ആദ്യ തീര്‍ത്ഥാടകരില്‍ നിന്നും ഫീസ് വാങ്ങേണ്ടതില്ലെന്നാണ് പാകിസ്താന്റെ തീരുമാനം. അതേസമയം തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് തന്നെ വേണമെന്നാണ് നിര്‍ദേശം. ഒരു ദിവസം 5000 തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നാണ് ഇരു രാജ്യങ്ങളുടേയും തീരുമാനം.