അശ്വിന്‍ വിരമിക്കുമ്പോള്‍ കളത്തിലിറക്കാനാണ് അവനെ ഇന്ത്യ കരുതിവെച്ചിരിക്കുന്നത്; ഹര്‍ഭജന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയില്‍
Sports News
അശ്വിന്‍ വിരമിക്കുമ്പോള്‍ കളത്തിലിറക്കാനാണ് അവനെ ഇന്ത്യ കരുതിവെച്ചിരിക്കുന്നത്; ഹര്‍ഭജന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th December 2024, 2:52 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയമൊഴിവാക്കി സമനില നേടിയെന്ന വാര്‍ത്ത ആശ്വാസത്തോടെ കേട്ട ആരാധകരെ നിരാശരാക്കിയാണ് അശ്വിന്റെ വിരമിക്കല്‍ വാര്‍ത്തയെത്തിയത്. മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിന്‍ തന്റെ വിരമിക്കല്‍ തീരുമാനമറിയിച്ചത്.

ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന കരിയര്‍ അവസാനിപ്പിച്ച അശ്വിന് ക്രിക്കറ്റ് ലോകം ഒന്നടങ്കം ആശംസകളര്‍പ്പിച്ചിരുന്നു.

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ വാക്കുകള്‍ അശ്വിന്റെ പടിയറക്കത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയാവുകയാണ്. സൂപ്പര്‍ താരം വാഷിങ്ടണ്‍ സുന്ദറിനെ കുറിച്ചുള്ള ഭാജിയുടെ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ അശ്വിനും ജഡേജയ്ക്കും പകരം സുന്ദറിനെയാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാക്കിയത്. പെര്‍ത്തില്‍ സുന്ദര്‍ തിളങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്‍ വലംകയ്യന്‍ ഓഫ് ബ്രേക്കറെ കുറിച്ച് സംസാരിച്ചത്.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യ – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലാണ് സുന്ദര്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. രണ്ടാം ടെസ്റ്റില്‍ 11 വിക്കറ്റുമായി തിളങ്ങിയ സുന്ദര്‍ അശ്വിനെക്കാളും ജഡേജയെക്കാളും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇക്കാരണം കൂടി പരിഗണിച്ചാണ് ഇന്ത്യ പെര്‍ത്തില്‍ സുന്ദറിനെ കളത്തിലിറക്കിയത്.

‘എനിക്ക് തോന്നുന്നത് ഒരു ലോങ് ടേം പ്ലാനാണ് മാനേജ്മെന്റ് പരിഗണിക്കുന്നത് എന്നാണ്. ഇക്കാലമത്രയും വിക്കറ്റുകള്‍ വീഴ്ത്തി വളരെ മികച്ച പ്രകടനമാണ് അശ്വിന്‍ ഇന്ത്യക്കായി കാഴ്ചവെച്ചത്.

അശ്വിനിപ്പോള്‍ 38 വയസായി. ഇതുകാരണമാണ് അവന്‍ സുന്ദറിനെ ടീമിലുള്‍പ്പെടുത്തിയത്. അശ്വിന്‍ വിരമിക്കുമ്പോഴേക്കും സുന്ദറിനെ തയ്യാറാക്കിയെടുക്കാനാകും ടീമിന്റെ ശ്രമം. അവര്‍ക്കൊരു കൃത്യമായ പ്ലാന്‍ ഉണ്ടെന്നും അത് നടപ്പാക്കുകയുമാണെന്നാണ് എനിക്ക് തോന്നുന്നത്,’ ഹര്‍ഭജന്‍ പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വാഷിങ്ടണിനെയായിരിക്കും ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയെന്നും അശ്വിന്റെ വിരമിക്കലിന് പിന്നാലെ ഹര്‍ഭജന്‍ പറഞ്ഞിരുന്നു. വിദേശ പരമ്പരകളില്‍ സ്ഥിരം സാന്നിധ്യമല്ലാതാകുന്നതായിരിക്കാം അശ്വിന്റെ വിരമിക്കലിന് കാരണമായതെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യക്ക് പുറത്ത് നിങ്ങള്‍ സ്ഥിരസാന്നിധ്യമല്ലാതാകുമ്പോള്‍, ഒന്നോ രണ്ടോ മത്സരങ്ങള്‍ മാത്രം കളിക്കുമ്പോള്‍ ഇന്ത്യക്ക് പുറത്തും ടീമില്‍ സ്ഥിരമായി ഇടം നേടാന്‍ താനെന്ത് ചെയ്യണമെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് തോന്നിയേക്കാം.

വാഷിങ്ടണ്‍ സുന്ദറിന് കൂടുതല്‍ പരിഗണന നല്‍കാനൊരുങ്ങുകയാണെന്ന് ഞാന്‍ അവിടുന്നും ഇവിടുന്നുമായി കേട്ടു. ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് അഞ്ച് മത്സരങ്ങള്‍ കളിക്കാനുണ്ട്. രണ്ട് സ്പിന്നര്‍മാര്‍ മാത്രമായിരിക്കും ടീമിലുണ്ടാവുക.

എന്നാല്‍ ആരൊക്കെയായിരിക്കും ആ രണ്ട് സ്പിന്നര്‍മാര്‍? ജഡേജയും അശ്വിനുമാണോ അതോ ജഡേജയും വാഷിങ്ടണ്‍ സുന്ദറുമോ. ഒരുപക്ഷേ പല കാര്യങ്ങളും അദ്ദേഹത്തിന്റെ മനസിലുണ്ടായിരിക്കാം. നമുക്കറിയില്ല. ആ തീരുമാനം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല എന്നത് മാത്രമേ എനിക്ക് പറയാന്‍ സാധിക്കൂ,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Content Highlight: After Ashwin’s retirement, Harbhajan Singh’s words about Washington Sundar again in discussion