തോറ്റുപോയി, പക്ഷേ... രണ്ട് സെഞ്ച്വറിയില്‍ ഏകദിനത്തില്‍ റെക്കോഡിട്ട് അഫ്ഗാന്‍
Sports News
തോറ്റുപോയി, പക്ഷേ... രണ്ട് സെഞ്ച്വറിയില്‍ ഏകദിനത്തില്‍ റെക്കോഡിട്ട് അഫ്ഗാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th February 2024, 7:48 am

അഫ്ഗാനിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചിരിക്കുകയാണ്. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന് ശ്രീലങ്ക വിജയിച്ചു.

ശ്രീലങ്ക ഉയര്‍ത്തിയ 382 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിടയ പമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ശ്രീലങ്ക 1-0ന് മുമ്പിലാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഓപ്പണര്‍ പാതും നിസങ്കയുടെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 139 പന്ത് നേരിട്ട നിസങ്ക പുറത്താകാതെ 210 റണ്‍സ് നേടി. ഇതിന് പുറമെ 88 പന്തില്‍ 88 റണ്‍സ് നേടിയ അവിഷ്‌ക ഫെര്‍ണാണ്ടോയും 36 പന്തില്‍ 45 റണ്‍സ് നേടിയ സധീര സമരവിക്രമയും ലങ്കന്‍ ടോട്ടലില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിലേ പിഴച്ചിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസിനെ ഒരു റണ്‍സിനും ഇബ്രാഹിം സദ്രാനെ നാല് റണ്‍സിനുമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടത്. റഹ്‌മത് ഷായും ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയും ഏഴ് റണ്‍സ് വീതം നേടിയും ഗുലാബ്ദീന്‍ നയീബ് 16 റണ്‍സിനും പുറത്തായതോടെ അഫ്ഗാന്‍ 55ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ആറാം നമ്പറില്‍ മുഹമ്മദ് നബിയാണ് ക്രീസിലെത്തിയത്. സമ്മര്‍ദഘട്ടത്തില്‍ പരിചയസമ്പന്നത കൈമുതലാക്കി ബാറ്റ് വീശിയ നബി അസ്മത്തുള്ള ഒമര്‍സായ്ക്കൊപ്പം ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളുമായി ഇരുവരും അഫ്ഗാന്‍ പ്രതീക്ഷകള്‍ കെടാതെ കാത്തു.

ഒമര്‍സായ് 115 പന്തില്‍ പുറത്താകാതെ 149 റണ്‍സ് നേടിയപ്പോള്‍ 130 പന്തില്‍ 136 റണ്‍സ് നേടിയാണ് നബി പുറത്തായത്. ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവുമുയര്‍ന്ന മൂന്നാമത് വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടം ഒമര്‍സായ് സ്വന്തമാക്കിയപ്പോള്‍ ഏറ്റവുമുയര്‍ന്ന അഞ്ചാമത് സ്‌കോര്‍ എന്ന നേട്ടം നബിയും തന്റെ പേരില്‍ കുറിച്ചു.

നബിയുടെ ഏകദിന കരിയറിലെ രണ്ടാമത് സെഞ്ച്വറിയാണിത്. നിര്‍ണായക ഘട്ടത്തില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയപ്പോള്‍ ആദ്യ സെഞ്ച്വറിയാണ് ഒമര്‍സായ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

ഇതിന് പുറമെ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നും പല്ലേക്കലെ സ്‌റ്റേഡിയത്തില്‍ പിറവിയെടുത്തു. ആറാം വിക്കറ്റില്‍ 242 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്. ടീം സ്‌കോര്‍ 55ല്‍ ഒത്തുചേര്‍ന്ന ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 297ലാണ്. നബിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി പ്രമോദ് മധുഷാനാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഒടുവില്‍ 339 എന്ന നിലയില്‍ അഫ്ഗാന്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഒരു മികച്ച നേട്ടമാണ് അഫ്ഗാനെ തേടിയെത്തിയത്. ഏകദിനത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച ടോട്ടല്‍ എന്ന നേട്ടമാണ് ഒമര്‍സായിയും നബിയും ചേര്‍ന്ന് അഫ്ഗാന് നേടിക്കൊടുത്തത്. 2017ല്‍ അയര്‍ലന്‍ഡിനെതിരെനേടിയ 338 റണ്‍സിന്റെ ടോട്ടലാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ഫെബ്രുവരി 11നാണ് പരമ്പരയിലെ അടുത്ത മത്സരം. കാന്‍ഡി തന്നെയാണ് വേദി. പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ അഫ്ഗാനിസ്ഥാന് വിജയം അനിവാര്യമാണ്.

 

 

Content Highlight: Afghanistan vs Sri Lanka 1st ODI, Sri Lanka defeated Afghanistan