national news
പഴയസാമ്പിളുകളുടെ അടിസ്ഥാനത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു; യു.പി മലിനീകരണബോര്‍ഡിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 20, 02:43 am
Thursday, 20th February 2025, 8:13 am

ലഖ്‌നൗ: പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ നിന്ന് ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പഴയ സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച ഉത്തര്‍ പ്രദേശ് മലിനീകരണ ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഗംഗയിലെയും യമുനയിലെയും ജലത്തിന്റെ ഗുണനിലവാരത്തിന് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന മലിനീകരണ ബോര്‍ഡിന്റെ വാദത്തിന് പിന്നാലെയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം.

തങ്ങളുടെ സമയം പാഴാക്കാന്‍ എന്തിനാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു. ജനുവരി 12നുള്ള സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചതെന്ന മലിനീകരണ ബോര്‍ഡിന്റെ ന്യായീകരണത്തിന് പിന്നാലെയാണ് ട്രൈബ്യൂണല്‍ വിമര്‍ശിച്ചത്.

ഗംഗയിലെയും യമുനയിലെയും വെള്ളത്തിന് കുളിക്കുന്നതിനുള്ള ഗുണനിലവാര മാനദണ്ഡമുണ്ടെന്ന് സംസ്ഥാന മലിനീകരണബോര്‍ഡ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി പരിശോധനയ്ക്ക് വേണ്ടിയെടുത്ത സാമ്പിളുകള്‍ ജനുവരി 12 മുതലുള്ളതാണെന്നാണ് മലിനീകരണ ബോര്‍ഡ് പറയുന്നത്.

അതേസമയം അടുത്തിടെ ശേഖരിച്ച ജവസാമ്പിളുകള്‍ തങ്ങളുടെ കൈയില്‍ ലഭ്യമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും യു.പി മലിനീകരണബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ മറുപടി നല്‍കി.

പഴയ സാമ്പിള്‍ റിപ്പോര്‍ട്ടുകള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ജലസാമ്പിളുകള്‍ പതിവായി എടുക്കുന്നുണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

പ്രയാഗ്‌രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ വിശ്വാസികള്‍ കുളിക്കുന്ന സംഗമ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മലമൂത്ര വിസര്‍ജ്യത്തിലൂടെയുണ്ടാവുന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച, ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന തോതിലുള്ള മലമൂത്ര വിസര്‍ജനം വഴി ഉണ്ടാവുന്ന
ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വെള്ളത്തില്‍ വര്‍ധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സി.പി.സി.ബി) കണക്കനുസരിച്ച്, വെള്ളത്തില്‍ ഫീക്കല്‍ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി ലിറ്ററിന് 2,500 യൂണിറ്റാണ്. എന്നാല്‍ അനുവദനീയമായ അളവിലും കൂടുതലാണ് പ്രയാഗ്രാജിലെ ഫീക്കല്‍ കോളിഫോമിന്റെ അളവ്.

കുംഭമേളയിലെത്തുന്ന കോടിക്കണക്കിന് ആളുകളാണ് നദീജലത്തില്‍ പുണ്യസ്നാനത്തിനും കുളിക്കാനുമായി ഇറങ്ങുന്നത്. ഇതിനിടെയാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കോളറ, ടൈഫോയ്ഡ്, ഡിസന്ററി, ഹെപ്പറ്റൈറ്റിസ്, ജിയാര്‍ഡിയാസിസ്, ഗിനി വേം, ഷിസ്റ്റോസോമിയാസിസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മഹാ കുംഭമേള നടക്കുന്ന വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉണ്ടെന്ന റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളുകയും ചെയ്തിരുന്നു.

Content Highlight: Affidavit filed based on old samples; National Green Tribunal criticizes UP Pollution Board