തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍.
മഹാത്മാ ഗാന്ധിയേക്കാള്‍ ഗാന്ധിയനും ലാല്‍ ബഹദൂര്‍ ശാസ്ത്രിയേക്കാള്‍ നിസ്വനും എകെ ആന്റണിയേക്കാള്‍ ആദര്‍ശ ധീരനുമാണ് പളനിയപ്പന്‍ ചിദംബരമെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു.
മനസാ വാചാ കര്‍മ്മണാ ഒരു അഴിമതിയും ഇന്നേവരെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. മകന്‍ കാര്‍ത്തിയാണെങ്കില്‍ അച്ഛനെയും വെല്ലുന്ന ആദര്‍ശവാന്‍, പരോപകാര തല്പരന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍.
ചിദംബരത്തിന്റെയും മകന്റെയും വീട്ടിലെ സിബിഐ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണ്. അധികാരം ഉള്ളതുകൊണ്ട് ആരെയും പീഡിപ്പിക്കാമെന്ന ധാര്‍ഷ്ട്യമാണ് നരേന്ദ്രമോദിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കും.
ചിദംബരം കേന്ദ്രമന്ത്രി ആയിരുന്ന കാലത്ത് ഏതെങ്കിലും ബി.ജെ.പി നേതാവിന്റെ വീടും ഓഫീസും സി.ബി.ഐ റെയ്ഡ് ചെയ്തിട്ടുണ്ടോ?
അഴിമതി ആരോപിച്ച് ഏതെങ്കിലും നേതാവിനെ ജയിലില്‍ അടച്ചിട്ടുണ്ടോ? ഇല്ല, ഒരിക്കലുമില്ല. 2Gസ്‌പെക്ട്രം കേസില്‍ കനിമൊഴിയെയും രാജയെയും പൂട്ടിയത് കോടതിയാണ്, സര്‍ക്കാരല്ല.
അണ്ണാ ഹസാരെയെ മാത്രമേ യുപിഎ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ആകെ അറസ്റ്റു ചെയ്തിട്ടുള്ളൂ. അതും അഴിമതി നടത്തിയതിനല്ല, അഴിമതി തടയണം എന്ന് പറഞ്ഞതിന്.
ഭരണം വരും, പോകും. പക്ഷേ, പ്രതികാര നടപടി പാടില്ല. സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിലവാരത്തിലേക്ക് നരേന്ദ്രമോദി താഴുന്നത് ഖേദകരമാണെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.