D' Election 2019
അടൂരില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന് പരാതി; രേഖപ്പെടുത്തിയത് 843 വോട്ടുകള്‍, മെഷീനില്‍ ഉള്ളത് 820
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 23, 02:08 pm
Tuesday, 23rd April 2019, 7:38 pm

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിക്കാനിരിക്കെ വോട്ടുകളില്‍ വ്യത്യാസമെന്ന് പരാതി. അടൂര്‍ പഴക്കുളത്തെ ബൂത്തിലാണ് വോട്ടുകളില്‍ വ്യത്യാസമുണ്ടെന്ന പരാതി ഉയര്‍ന്നത്. ആകെ 843 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മെഷീനില്‍ ഉള്ളത് 820 വോട്ടുകളാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ വോട്ടിങ് സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും വോട്ടിങ് അവസാനിച്ചിട്ടില്ല. നിലവിലെ രാഷ്ട്രീയാന്തരീക്ഷവും കണക്കിലെടുത്ത് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നോട്ടയിലൂടെ നഷ്ടമായ 2 ലക്ഷത്തോളം വോട്ടുകള്‍ ഈ വര്‍ഷം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്ത് ഈ വര്‍ഷം 2,88,191 പുതിയ വോട്ടര്‍മാരാണുള്ളത്.

ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിലെ കണക്കനസരിച്ച് കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 79.59 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് ശതമാനം.

പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 70.09 ശതമാനമാണ് ഇവിടുത്തെ ശതമാനം.

എന്നാല്‍ പലയിടത്തും വോട്ടെടുപ്പിനിടയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായി.കോഴിക്കോട് എടക്കാട് വോട്ടിംഗ് മെഷിനും വിവിപാറ്റും യുവാവ് അടിച്ചു തകര്‍ത്തു. എടക്കാട് സ്വദേശി പ്രമോദാണ് വോട്ടിംഗ് ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്തത്.
നേരത്തെ നേരത്തെ കണ്ണൂര്‍ തളിപറമ്പിലെ കുറ്റിയാട്ടൂര്‍ എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തിലെ വോട്ടിംഗ് യന്ത്രം നിലത്തു വീണ് പൊട്ടിയിരുന്നു. ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തിലും തള്ളിലുമാണ് വോട്ടിംഗ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചു.