World News
ഫലസ്തീന് യു.എന്നില്‍ അഗത്വം നല്‍കുന്നത് കാലങ്ങളായി തുടരുന്ന അനീതിക്ക് അറുതിവരുത്തല്‍: ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 21, 07:59 am
Sunday, 21st April 2024, 1:29 pm

ബീജിങ്: ഫലസ്തീനിന് യു.എന്നില്‍ സ്ഥിരാഗത്വം നല്‍കുന്നത് വഴി വര്‍ഷങ്ങളായി തുടരുന്ന അനീതിക്ക് അറുതി വരുത്താനാകുമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി. ശനിയാഴ്ച പപ്പുവ ന്യൂ ഗിനിയയുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എത്രയും പെട്ടെന്നു തന്നെ ഫലസ്തീനിന് യു.എന്നില്‍ സ്ഥിരാഗത്വം നല്‍കാനായാല്‍ ചരിത്രപരമായി തുടരുന്ന അനീതി അവസാനിപ്പിക്കലാകും അത്’ സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫലസ്തീനിന് യു.എന്നില്‍ സ്ഥിരാഗത്വം നല്‍കണമെന്ന ആവശ്യത്തില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ ശ്രമത്തെ അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെയാണ് ചൈനയുടെ പ്രധാനപ്പെട്ട നയതന്ത്ര വിദഗ്ധന്റെ ഈ പ്രസ്താവന.

ഫലസ്തീനിന് യു.എന്നില്‍ സ്ഥിരാഗത്വം നല്‍കണമെന്ന ആവശ്യത്തെ ശനിയാഴ്ച യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്ക എതിര്‍ത്തിരുന്നു. 15 സെക്യൂരിറ്റി കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ബ്രിട്ടനും സ്വിറ്റ്‌സര്‍ലാന്റും വിട്ടുനിന്നപ്പോള്‍ ബാക്കി 12 രാജ്യങ്ങള്‍ അനുകൂലമായാണ് വോട്ട് ചെയ്തത്. വീറ്റോ ചെയ്ത അമേരിക്കയുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു.

നിലവില്‍ ഫലസ്തീന്‍ യു.എന്നിലെ അംഗത്വമില്ലാത്ത ഒരു നിരീക്ഷക രാജ്യം മാത്രമാണ്. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിന്റെയും പൊതുസഭയുടെയും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോട്കൂടിയേ ഫലസ്തീനിന് യു.എന്നില്‍ അംഗത്വം ലഭിക്കുകയുള്ളൂ. ഇതിനെയാണ് അമേരിക്ക എതിര്‍ത്ത് കൊണ്ടിരിക്കുന്നത്.

CONTENT HIGHLIGHTS: admitting Palestinian state to UN is move to rectify injustice: China