2006 ലോകകപ്പിലെ ഫൈനല്‍ ഫുട്‌ബോള്‍ ലോകത്തിന് ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്. ഫൈനലില്‍ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം സിനദിന്‍ സിദാന്‍ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ടപ്പോള്‍ ഫ്രാന്‍സ് ജനത ഒന്നാകെ വിഷമിച്ചു. രണ്ടാമത് കിരീടമെന്ന ഫ്രാന്‍സിന്റെ സ്വപ്നമാണ് ജര്‍മനിയില്‍ അന്ന് തകര്‍ന്നത്.
ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ 2006 ലോകകപ്പില്‍ സിദാന്‍ ധരിച്ചിരുന്ന ഗോള്‍ഡന്‍ ബൂട്ട്(ഗോള്‍ഡ് പ്രെഡേറ്റര്‍ അബ്സലൂട്ട്) വീണ്ടും പുറത്തിറക്കിയിരിക്കുകയാണ് അഡിഡാസ്.
ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായി സിദാന്‍ അണിഞ്ഞ അവസാന ബൂട്ടെന്ന നിലയില്‍ സിദാനുള്ള ട്രിബബുട്ടായാണ് അഡിഡാസ് ഇത് പുറത്തിറക്കിയിട്ടുള്ളത്.
ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ കളിയിലെ സിദാനെ കൂടാതെയുള്ള താരങ്ങളും ഗോള്‍ഡന്‍ പ്രെഡേറ്റര്‍ ബൂട്ട് ധരിച്ചിരുന്നു. എന്നാല്‍ 2006ലെ ഫൈനലിന് ശേഷം ഈ ബൂട്ട് പതിയെ മൈതാനത്ത് നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതാണ് ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി അഡിഡാസ് പുറത്തിറക്കിയത്.
അതേസമയം, ആവേശകരമായ ഫൈനല്‍ മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് സിദാന്‍ എടുത്ത പെനാല്‍ട്ടിയില്‍ ഫ്രാന്‍സ് മുന്നിലെത്തിയിരുന്നത്. ഫ്ളോറന്റ് മലൂദയെ മാറ്റെരാസി ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍ട്ടി വിധിച്ചത്.
പത്തൊമ്പതാം മിനിറ്റില്‍ ആന്ദ്രെ പിര്‍ലോയുടെ കോര്‍ണര്‍ ഹെഡ് ചെയ്ത് മാറ്റെരാസി തന്നെ ഗോള്‍ മടക്കി. എക്സ്ട്രാ ടൈമില്‍ സിദാന്റെ തകര്‍പ്പന്‍ ഹെഡര്‍ ഇറ്റാലിയന്‍ ഗോളി ജിയാന്‍ലൂജി ബുഫോണ്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി.
മത്സരത്തിന്റെ അധിക സമയമായ 109ാം മിനിറ്റിലായിരുന്നു സിദാന്‍ പുറത്തായ വിവാദ സംഭവം നടക്കുന്നത്. മെറ്റരാസിയെ സിദാന്‍ തലകൊണ്ട് അക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതോടെ സിദാന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു.
അങ്ങനെ തന്റെ അവിസ്മരണീയമായ കരിയറിലെ അവസാന മത്സരത്തില്‍, അതും ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് നായകന് തലതാഴ്ത്തി മടങ്ങേണ്ടി വന്നു. ഷൂട്ടൗട്ടില്‍ ഇറ്റലി കിരീടം നേടുകയും ചെയ്തു.
പിന്നീട് മത്സരത്തിന് ശേഷമാണ് തന്റെ സഹോദരിയെപ്പറ്റി അശ്ലീലം പറഞ്ഞതിനാണ് സിദാന്‍ മെത്തരാസിയെ ഇടിച്ചിട്ടതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.