അനൗൺസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ കാതൽ. മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ.
സിനിമയിൽ ഏറ്റവും കംഫർട്ടബിൾ ആയി തോന്നിയത് മമ്മൂട്ടിയോടാണെന്ന് ആദർശ് പറഞ്ഞു. താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നടനാണെന്നും മമ്മൂട്ടിയിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഇറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനൊക്കെ ജനിക്കുന്നതിന് മുൻപ് അഭിനയം തുടങ്ങിയ വ്യക്തിയാണ് മമ്മൂക്ക. എനിക്ക് ഇത്രയും നാൾ വർക്ക് ചെയ്തതിൽ ഏറ്റവും കംഫർട്ടബിൾ ആയിട്ട് തോന്നിയ വ്യക്തിയാണ് അദ്ദേഹം.
ആന്റണി പെപ്പേയോ, ഷെയ്‌നോ, നീരജോ, മാത്യുവോ ഒന്നും കംഫർട്ടബിൾ അല്ല എന്നല്ല അതിനർത്ഥം. പക്ഷെ ഞാൻ ഏറ്റവും കൂടുതൽ കംഫര്ട്ടബിള് മമ്മൂക്കയുടെ അടുത്താണ് (ചിരിക്കുന്നു). മമ്മൂക്കയുടെ അടുത്ത് വെറുതെ സംസാരിക്കാനോ ഡയലോഗുകൾ പറഞ്ഞുകൊടുക്കാനോ ഇതുവരെ ഒരു തടസവും തോന്നിയിട്ടില്ല. ഞാൻ വളരെ സ്നേഹിക്കുകയൂം ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. ഒത്തിരി കാര്യങ്ങൾ ഞാൻ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട്, അതിൽ മമ്മൂക്ക എന്ന വ്യക്തിയും നടനും ഉൾപ്പെടും. എനിക്ക് നമ്പർ വൺ മമ്മൂക്ക തന്നെയാണ്.
മറ്റുള്ളവരൊക്കെ എന്റെ സമപ്രായക്കാരാണ്. അപ്പോൾ സൗഹൃദപരമായ സംസാരങ്ങളൊക്കെ ഉണ്ടാകും. അതിനനുസരിച്ച് പെരുമാറ്റത്തിൽ മാറ്റങ്ങളൊക്കെ വരും. സിനിമ എന്ന് പറയുന്നത് ഒരു മാജിക്കൽ വേൾഡ് ആണ്. അതിന്റെ ആകാംക്ഷയൊക്കെ നിറഞ്ഞ ഒരു അനുഭവം എനിക്ക് മമ്മൂക്കയോട്, അഥവാ മെഗാ സ്റ്റാറിനോട് സംസാരിക്കുമ്പോൾ കിട്ടും,’ ആദർശ് പറഞ്ഞു.
അഭിമുഖത്തിൽ താൻ തിരക്കഥ എഴുതിയ നെയ്മർ എന്ന ചിത്രത്തെപ്പറ്റിയും സംസാരിച്ചു. ഒരു വളർത്തുമൃഗത്തെ പറ്റിയുള്ള സിനിമ ആയതുകൊണ്ട് മുൻപിറങ്ങിയ ചിത്രങ്ങളുമായി താരതമ്യമുണ്ടാകുമോ എന്ന പേടി ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
‘നെയ്മർ ഇറങ്ങുമ്പോൾ ആളുകൾക്കിടയിൽ മുൻപിറങ്ങിയ സിനിമകളെ വെച്ചുള്ള താരതമ്യം ഉണ്ടാകുമെന്നുള്ള പേടി ഉണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ വെച്ചുള്ള ചിത്രമായതുകൊണ്ട്തന്നെ സ്ഥിരം ക്ലിഷേകൾ ഉണ്ടാകുമോ എന്ന ചിന്തയും ഉണ്ടായിരുന്നു. 777 ചാർളി, സി.ഐ.ഡി മൂസ, ഒ മൈ ഡോഗ് എന്ന ചിത്രങ്ങളൊക്കെ ഉണ്ടല്ലോ, കംമ്പാരിസൺ വലിയൊരു പ്രശ്നമായിരുന്നു. അതുകൊണ്ട്തന്നെ ഈ ക്ലിഷേകൾ തകർത്തുകൊണ്ട് നാടൻ നായയെയാണ് ഞങ്ങൾ കൊണ്ടുവന്നത്. അവനെ ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്,’ ആദർശ് പറഞ്ഞു.