'എഴുത്ത് അവസാനിപ്പിച്ച് കളയാമെന്ന വ്യാമോഹം മാത്രം അരുത്, കഴുത്ത് പോകുമെന്ന് ഭീഷണിപ്പെടുത്തിയാലും എഴുത്ത് തുടര്‍ന്നിരിക്കും'; ജോജുവിനും അഖില്‍ മാരാര്‍ക്കും ആദര്‍ശിന്റെ മറുപടി
തിരുവനന്തപുരം: ജോജു ജോര്‍ജിന്റെ പണി എന്ന സിനിമക്കെതിരെ റിവ്യൂ എഴുതിയ ഗവേഷക വിദ്യാര്‍ത്ഥി ആദര്‍ശിനെതിരെ ജോജു ജോര്‍ജും അഖില്‍മാരാറും നടത്തുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ആദര്‍ശ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദര്‍ശിന്റെ പ്രതികരണം.
ജോജുവും അഖില്‍ മാരാരും സുഹൃത്തുക്കളും തനിക്കെതിരെ കോണ്‍സ്പിരസി തിയറികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതായി ആദര്‍ശ് പറയുന്നു. തന്റെ രാഷ്ട്രീയവും മാനസിക സ്ഥിരതയ്‌ക്കെതിരെയുമാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആദര്‍ശ് വ്യക്തമാക്കി.
ആദര്‍ശ് കേവലമൊരു സാധാരണക്കാരനല്ലെന്നും മുന്‍ മാധ്യമപ്രവര്‍ത്തകനും കോണ്‍ഗ്രസ് ആശയത്തില്‍ വിശ്വസിക്കുന്ന ആളാണെന്നുമടക്കം പ്രസംഗമത്സരത്തിലും സംവാദത്തിലും വിജയിച്ച പാരമ്പര്യം തനിക്കുള്ളതായും പ്രചരിപ്പിക്കുന്നുണ്ടെന്നും ആദര്‍ശ് പറഞ്ഞു.
എന്നാല്‍ താന്‍ ഇക്കാര്യങ്ങളൊന്നും എവിടെയും മറച്ചുവച്ചിട്ടില്ലെന്നും ഇതൊരു അധോലോക ബന്ധം പോലെ പ്രചരിപ്പിക്കേണ്ടതില്ലെന്നും താന്‍ കഠിനാധ്വാനത്തിലൂടെ പിന്നിട്ട വഴികളാണ് ഇവയെന്നും, ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സിനിമ കാണാന്‍ പാടില്ലേയെന്നും ആദര്‍ശ് വ്യക്തമാക്കി.
‘മേല്‍പറഞ്ഞ വസ്തുതകളൊന്നും ഞാന്‍ ഒരിടത്തും മറച്ചു വച്ചിട്ടില്ല. ജോജു എന്നെ ഭീഷണിപ്പെടുത്തിയ ഫോണ്‍ കോളില്‍ പോലും മുമ്പൊരു മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തതിനെ കുറിച്ച് ഞാന്‍ വ്യക്തമാക്കുന്നുണ്ട്. എന്തോ വലിയ അധോലോക ബന്ധം പോലെയാണ് ഈ വസ്തുതകളെ അവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇവയെല്ലാം വര്‍ഷങ്ങളോളമുള്ള എന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ഞാന്‍ പിന്നിട്ട വഴികളാണ്. വെറുതെയൊന്ന് എന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്ന ഏതൊരാള്‍ക്കും ഇതെല്ലാം അതില്‍ തന്നെ കാണാന്‍ കഴിയും. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സിനിമ കാണാന്‍ പാടില്ലെന്നോ അതിനെ കുറിച്ച് അഭിപ്രായം പറയാന്‍ പാടില്ലെന്നോ നമ്മുടെ ഭരണഘടനയിലോ മറ്റൊരു നിയമത്തിലോ പറയുന്നില്ല,’ ആദര്‍ശ് പറയുന്നു.
‘2021 ല്‍ നടന്ന സംഭവത്തിന് റിവെഞ്ച് എടുക്കാന്‍ 3 വര്‍ഷം കാത്തിരുന്നു പ്ലാന്‍ തയ്യാറാക്കി ജോജുവിനെ കുടുക്കാന്‍ ഞാന്‍ മണി ഹെയ്സ്റ്റ് സീരിസിലെ പ്രൊഫസ്സറോ ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയോ ഒന്നുമല്ല. വെറും ഒരു സാധാരണക്കാരനായ വിദ്യാര്‍ത്ഥിയാണ്. മിനിമം എന്റെ നമ്പര്‍ കണ്ടെത്തി എന്നെ ഇങ്ങോട്ട് വിളിച്ചത് ജോജു ആണെന്ന് അറിഞ്ഞുവെച്ചുകൊണ്ട് ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനുള്ള മാന്യത എങ്കിലും കാണിക്കണം. ഈ മൂന്ന് വര്‍ഷ കാലയളവില്‍ ചുരുളി ഉള്‍പ്പടെ ജോജു അഭിനയിച്ച നിരവധി സിനിമകളെ കുറിച്ച് ഞാന്‍ പോസിറ്റീവ് അഭിപ്രായം എഴുതിയിട്ടുണ്ട്. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തിയ ഫോണ്‍ കാളില്‍ പോലും ജോസഫിലെ അദ്ദേഹത്തിന്റെ അഭിനയത്തെ പ്രശംസിച്ചാണ് സംസാരിച്ചതും,’ ആദര്‍ശ് പറഞ്ഞു.
ആദര്‍ശിന്റെ മാനസികനില ശരിയല്ലെന്നും ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണണമെന്നും ആരോപണം പ്രചരിപ്പിക്കുന്നതായും ആദര്‍ശ് പറയുന്നുണ്ട്.
റേപ്പിന്റെ രാഷ്ട്രീയം മനസിലാകാത്തവര്‍ക്ക് മാനസിക പ്രശനങ്ങള്‍ നേരിടുന്ന വ്യക്തികളുടെ അവസ്ഥ അറിയില്ലെന്നും അവരെ പരിഹസിക്കരുതെന്നും ആദര്‍ശ് പറയുന്നുണ്ട്. തന്റെ സൈക്കോളജിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരു അഖിലിനും നല്‍കേണ്ട ബാധ്യത തനിക്കില്ലെന്നും ആദര്‍ശ് ചൂണ്ടിക്കാട്ടി.
‘ഇവരുടെ കോണ്‍സ്പിരസികളില്‍ ഇനി അവശേഷിക്കുന്നത് എനിക്ക് ഖുറേഷി എബ്രഹാം ഗാങ്ങുമായി ബന്ധമുണ്ടെന്നും, ഞാന്‍ ഇല്ലുമിനാറ്റി ആണെന്ന വാദവും മാത്രവുമാണ്. അതുകൂടി വന്ന് കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണം. എനിക്കെതിരെ ഇത്തരം കഥകള്‍ മെനയാനുള്ള സര്‍ഗ്ഗാത്മകതയുടെയും അധ്വാനത്തിന്റെയും നാലിലൊന്ന് ആ സിനിമയില്‍ കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു വിവാദം തന്നെ ആവശ്യം വരില്ലായിരുന്നു. കോണ്‍സ്പിരസികളും നിങ്ങളുടെ പി.ആര്‍ ടീമിനെ ഉപയോഗിച്ചുള്ള കമന്റ് ബോക്‌സിലെ തെറിവിളികളും തുടരുക. എഴുത്ത് അവസാനിപ്പിച്ചു കളയാം എന്ന വ്യാമോഹം മാത്രം അരുത്. കഴുത്ത് പോകുമെന്ന് ഭീഷണിപ്പെടുത്തിയാലും എഴുത്ത് തുടര്‍ന്നിരിക്കും,’ ആദര്‍ശ് വ്യക്തമാക്കി.
മറ്റൊരു പ്രൊവോക്കേഷനും തോന്നാതെ കാര്യങ്ങള്‍ സാധിക്കാനുള്ള ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെക്കുന്നതായും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Adarsh’s reply to Joju and Akhil Mararar