national news
ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടത്തി; വിദേശത്തേക്ക് പണം കടത്തി; ഗൗതം അദാനിക്കെതിരെ ഗുരുതര ആരോപണവുമായി പുതിയ റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുമായി പുതിയ റിപ്പോര്‍ട്ട്. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലുള്ള ചില വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനിയില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് കണ്ടെത്തല്‍. രഹസ്യ നിക്ഷേപം നടത്തിയതില്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ പങ്കും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടന്നത്.
ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒ.സി.സി.ആര്‍.പി) ആണ് അദാനി ഗ്രൂപ്പിനെതിരെ കണ്ടെത്തലുമായി രംഗത്തെത്തിയത്. അമേരിക്കര്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്, റോക്ക്ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ട് തുടങ്ങിയവയുടെ പിന്തുണയുള്ള, പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഒ.സി.സി.ആര്‍.പി.
നിഴല്‍ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നുമാണ് ഒ.സി.സി.ആര്‍.പി പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.
അദാനി കുടുംബവുമായി ദീര്‍ഘകാല ബിസിനസ് ബന്ധമുള്ള തായ്‌വാന്‍ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസര്‍ അലി ഷഹബാന്‍ അലി എന്നിവരാണ് 2013-18 കാലയളവില്‍ രഹസ്യ നിക്ഷേപം നടത്തിയ വിദേശികള്‍. ഇവര്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള കമ്പനികളില്‍ ഡയറക്ടര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്.
ഇവരുടെ ഓഹരി വിഹിതം കൂടി പരിഗണിച്ചാല്‍, പ്രൊമോട്ടര്‍മാര്‍ ലിസ്റ്റഡ് കമ്പനികളുടെ 75 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വയ്ക്കരുതെന്ന നിയമം അദാനി ഗ്രൂപ്പ് ലംഘിച്ചതായും സംഘടന പറയുന്നു.
അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡര്‍ബര്‍ഗും ഈ വര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ത്തുന്നതിന് വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ അനുമാനങ്ങള്‍ ശരിവെക്കുന്ന രേഖകളാണ് ഒ.സി.സി.ആര്‍.പിക്ക് ലഭിച്ചത്.
കടലാസു കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
2013 സെപ്റ്റംബറില്‍ വെറും എട്ടു ബില്യണ്‍ ഡോളറായിരുന്ന അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം 260 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.
2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് നിക്ഷേപത്തട്ടിപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകള്‍ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴല്‍ കമ്പനികള്‍ക്ക് നല്‍കും. തുടര്‍ന്ന് ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരില്‍ സ്വന്തം ഓഹരികള്‍ അദാനി തന്നെ വാങ്ങുകയും ഇതു വഴി ഓഹരി വില കൃത്രിമമായി ഉയര്‍ത്തി പണം തട്ടുകയും ചെയ്‌തെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡി.ആര്‍.ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഇത് അറിയാമായിരുന്നെന്നും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2010നും 2013നും ഇടക്ക് ചൈന, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് അദാനി പവര്‍ മഹാരാഷ്ട്രക്കും അദാനി പവര്‍ രാജസ്ഥാനും വേണ്ടി പവര്‍ എക്യുപ്‌മെന്റുകള്‍ ഇറക്കുമതി ചെയ്തിരുന്നു.
എന്നാല്‍, എക്യുപ്‌മെന്റുകള്‍ മാത്രം ഇന്ത്യയിലേക്ക് വരുകയും ഇന്‍വോയ്‌സുകള്‍ ദുബായിലെ വിനോദ് അദാനിയുടെ കമ്പനിയിലേക്ക് അയക്കുകയുമായിരുന്നു. ഈ കമ്പനി പണം കൂടുതല്‍ കാണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്ത്യയിലേക്ക് അയച്ചു. ഏകദേശം നാലായിരം കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
2014 മെയ് 14ന് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുമ്പ് ഈ കേസില്‍ ഡി.ആര്‍.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കേസിലെ തുടരന്വേഷണം നിശ്ചലമായി. തുടര്‍ന്ന് ഡി.ആര്‍.ഐയുടെ ബന്ധപ്പെട്ട അതോറിറ്റി കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.
നാലായിരം കോടി രൂപ ഇന്ത്യയില്‍ നിന്ന് ദുബായിലേക്കും തുടര്‍ന്ന് മൗറീഷ്യസിലേക്കും പോയെന്നും അവിടെ നിന്ന് എവിടേക്കാണ് പണം പോയതെന്ന് അറിയില്ലെന്നുമാണ് ഡി.ആര്‍.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ മൗറീഷ്യസില്‍ നിന്ന് പണം ആരുടെ പക്കല്‍ എത്തിയെന്നാണ് ഇപ്പോള്‍ ഒ.സി.സി.ആര്‍.പി കണ്ടെത്തിയിട്ടുള്ളത്.
മൗറീഷ്യസില്‍ എത്തിയ പണത്തില്‍ 100 മില്യണ്‍ വിനോദ് അദാനി രൂപീകരിച്ച രണ്ട് കമ്പനികളില്‍ ഒരെണ്ണം മറ്റേ കമ്പനിക്ക് വായ്പ കൊടുത്തെന്ന് ഒ.സി.സി.ആര്‍.പിക്ക് ലഭിച്ച രേഖകള്‍ പ്രകാരം കണ്ടെത്തി. കടം കൊടുത്തതും വാങ്ങിയതുമായ രേഖകളില്‍ ഒപ്പ് വെച്ചിട്ടുള്ളത് വിനോദ് അദാനി തന്നെയാണ്.
എന്നാല്‍ റീസൈക്കിള്‍ ചെയ്ത ആരോപണങ്ങളാണ് ഒ.സി.സി.ആര്‍.പി ഉന്നയിച്ചിരിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തന്നെയാണിതെന്നും ജോര്‍ജ് സോറോസും വിദേശ മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്നും ഗ്രൂപ്പ് ആരോപിച്ചു.
ഹിന്‍ഡന്‍ബെര്‍ഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 15,000 കോടി ഡോളറോളം ഇടിഞ്ഞിരുന്നു. ഓഹരികള്‍ വിറ്റും കടബാധ്യകള്‍ മുന്‍കൂറായി വീട്ടിയും ഹിന്‍ഡന്‍ബെര്‍ഗ് പ്രതിസന്ധിയില്‍ നിന്ന് അദാനി ഗ്രൂപ്പ് കരകയറുമ്പോഴാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അദാനി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ കമ്പനികളുടെയും ഓഹരികള്‍ ഇന്നും നഷ്ടത്തിലാണ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍, അദാനി പോര്‍ട്ട്സ് എന്നിവയുടെ ഓഹരികള്‍ മൂന്നു ശതമാനത്തിലധികമാണ് ഇടിഞ്ഞത്.
Content Highlight: Adani family secretly invested in own shares, documents suggest