ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയ സാധ്യത അവര്‍ക്ക്; പ്രവചനവുമായി ആദം ഗില്‍ ക്രിസ്റ്റ്
Sports News
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിജയ സാധ്യത അവര്‍ക്ക്; പ്രവചനവുമായി ആദം ഗില്‍ ക്രിസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st August 2024, 4:30 pm

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

കഴിഞ്ഞ രണ്ട് തവണയും പരമ്പര ഇന്ത്യയാണ് സ്വന്തമാക്കിയത്. ഈ തവണകൂടെ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ മൂന്നാം തവണയും ഇന്ത്യയ്ക്ക് ഓസീസിനെ പരാജയപ്പെടുത്താനുള്ള അവസരമാണ് മുന്നിലുള്ളത്.

എന്നാല്‍ ഇത്തവണ ആരാണ് പരമ്പരയില്‍ വിജയിക്കുക എന്ന് പ്രവചനം നടത്തുകയാണ് ഇതിഹാസതാരം ആദം ഗില്‍ ക്രിസ്റ്റ്. വിദേശത്ത് എങ്ങനെ കളിക്കണമെന്ന് ഇന്ത്യയ്ക്ക് അറിയാമെന്നും എന്നാല്‍ ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് താരം പറഞ്ഞത്.

‘ഓസ്ട്രേലിയയ്ക്ക് സ്വന്തം മൈതാനത്ത് ആധിപത്യം തെളിയിക്കേണ്ടിവരും. വിദേശ രാജ്യങ്ങളിലെ മത്സരങ്ങള്‍ എങ്ങനെ ജയിക്കണമെന്ന് ഇന്ത്യക്കറിയാം. എന്നിരുന്നാലും ഞാന്‍ ഓസ്ട്രേലിയക്കൊപ്പം പോകുകയാണ്. അവര്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു കടുത്ത പോരാട്ടമായിരിക്കും,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം മണ്ണില്‍ ഓസീസിന് നാണക്കേടില്‍ നിന്നും കരകയറാനുള്ള അവസരം മുന്നിലുള്ളപ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ട കനക്കുമെന്നത് ഉറപ്പാണ്.

 

Content Highlight: Adam Gilchrist says that Australia has a chance of winning the Border Gavaskar Trophy