ഐ.പി.എല്ലിന് ശേഷം ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് തെരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ് അപെക്‌സ് ബോര്‍ഡ്. ലോകകപ്പിന് മുമ്പ് മറ്റ് ടി-20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ കളിക്കാനില്ലാത്തതിനാല്‍ ഐ.പി.എല്ലിലെ പ്രകടനങ്ങളെ മാത്രം ആശ്രയിച്ചായിരിക്കും ടീം പ്രഖ്യാപിക്കുക.
ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോള്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ശിവം ദുബെയെ ഒരിക്കലും അവഗണിക്കരുത് എന്ന് പറയുകയാണ് ഓസീസ് ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്.
ദുബെ സ്പിന്നര്‍മാര്‍ക്കെതിരെയും പേസര്‍മാര്‍ക്കെതിരെയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും സെലക്ടര്‍മാര്‍ അവനോട് നെറ്റ്‌സില്‍ പന്തെറിയാന്‍ ആവശ്യപ്പെടണമെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു.
ക്രിക്ബസ്സിലൂടെയാണ് ഗില്‍ക്രിസ്റ്റ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ശിവം ദുബെ എന്തുതന്നെയായാലും സ്‌ക്വാഡില്‍ ഉണ്ടാകണം. അവന്‍ മികച്ച രീതിയിലാണ് സ്‌കോര്‍ ചെയ്യുന്നത്. സ്പിന്നര്‍മാര്‍ക്കെതിയും പേസര്‍മാര്‍ക്കെതിയും അവന്‍ എളുപ്പത്തില്‍ റണ്ണടിച്ചുകൂട്ടുന്നു.
സെലക്ടര്‍മാര്‍ അവനോട് നെറ്റ്‌സില്‍ പന്തെറിയാന്‍ ആവശ്യപ്പെടണം. ഇതൊരു മാച്ച് പ്രാക്ടീസല്ല എന്നെനിക്ക് അറിയാം. പക്ഷേ വരും മത്സരങ്ങളില്‍ പന്തെറിയാന്‍ ഇത് അവനെ സഹായിക്കില്ല എന്ന് ആര് കണ്ടു. പക്ഷേ കാര്യങ്ങളെന്തുതന്നെയായലും ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ശിവം ദുബെ അവഗണിക്കപ്പെടാന്‍ പാടില്ല,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
സീസണില്‍ മികച്ച പ്രകടനമാണ് ദുബെ കാഴ്ചവെക്കുന്നത്. ഏഴ് ഇന്നിങ്‌സില്‍ നിന്നും 49.00 എന്ന മികച്ച ശരാശരിയിലും 157.05 എന്ന സ്‌ട്രൈക്ക് റേറ്റിലും 245 റണ്‍സാണ് ദുബെ നേടിയത്. രണ്ട് അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.
ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് ആതിഥേയരാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.
അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ജൂണ്‍ അഞ്ചിന് ഈസ്റ്റ് മെഡോയാണ് വേദി.
ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍
ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ
ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ
ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ
ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്
20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളത്തിലിറങ്ങുന്നത്.
വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവര്‍ ആതിഥേയരായതോടെ നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു.