Entertainment news
ഒരു സീനില്‍ എങ്കിലും ആരെങ്കിലും എന്നെ ഒന്ന് വിളിക്കണേയെന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു, അവാര്‍ഡ് കിട്ടിയില്ലേ ഇനി ചെറിയ റോള്‍ ചെയ്യണോയെന്നായിരുന്നു ചോദിച്ചത്: സുരഭി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 27, 10:44 am
Thursday, 27th October 2022, 4:14 pm

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുരഭി ലക്ഷ്മി. സിനിമയിലും സീരിയലിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുരഭിക്ക് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

അവാര്‍ഡ് കിട്ടിയതിന് ശേഷം തനിക്ക് തെരഞ്ഞെടുക്കാന്‍ ഒരു റോളു പോലും കിട്ടിയില്ലെന്ന് പറയുകയാണ് സുരഭി ലക്ഷ്മി. ചെറിയ റോളുകളിലേക്ക് തന്നെ വിളിച്ചാല്‍ ശരിയാകുമോയെന്നായിരുന്നു പലരും ചോദിക്കാറുള്ളതെന്നും നടി പറഞ്ഞു.

അവാര്‍ഡിന് മുന്നേ കിട്ടിയ പ്രതിഫലവും സൗകര്യവും തന്നെയാണ് തനിക്ക് ഇപ്പോഴും ലഭിക്കുന്നതെന്ന് ജിഞ്ചര്‍ മീഡിയയോട് സുരഭി പറഞ്ഞു.

”അവാര്‍ഡ് കിട്ടിയതിനു ശേഷം എനിക്ക് തെരഞ്ഞെടുക്കാന്‍ ഒരു റോളു പോലും കിട്ടിയില്ല. ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു ഒരു സീനില്‍ എങ്കിലും ആരെങ്കിലും എന്നെ ഒന്ന് വിളിക്കാണമെന്ന്. അവാര്‍ഡ് കിട്ടിയില്ലേ ഇനി ഇത്തരം ചെറിയ റോളുകള്‍ ചെയ്യേണ്ടയെന്നായിരുന്നു വിളിച്ച സിനിമകളില്‍ തന്നെ പോകുമ്പോള്‍ ചോദിച്ചിരുന്നത്.

അവാര്‍ഡ് കിട്ടുന്ന സമയത്തൊക്കെ എം80 മൂസ എന്ന സീരിയലും തീയേറ്ററും ചെയ്യുന്നുണ്ട്. സിനിമയില്‍ ഞാന്‍ ഒരു നായികയോ സഹനടിയോ അല്ല ഡയലോഗ് പറയുന്നുണ്ട് അത്രേ ഉള്ളൂ. നമ്മള്‍ പറയില്ലേ നായകനുമായി ചെറിയ കോമ്പിനേഷന്‍ സീന്‍ ഉണ്ട് അവിടെ ചെന്ന് തെറ്റിക്കരുതെന്ന് അത്ര കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഒരാള്‍ ആയിരുന്നു ഞാന്‍. അപ്പോഴാണ് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നത്.

ചെറിയ റോളിലേക്ക് ഇനി എന്നെ വിളിച്ചാല്‍ ശരിയാകുമോ എന്ന ചിന്ത ആയിരുന്നു പലര്‍ക്കും. ഞാന്‍ വിളിച്ചു ചാന്‍സ് ചോദിക്കുമ്പോള്‍ പറയും ഇതില്‍ ഒരു അമ്മയുടെ വേഷമാണ് അത് സുരഭി ചെയ്യാനായിട്ടില്ലെന്ന്. പിന്നെ നായിക കഥാപാത്രം സുരഭിയുടെ വയസില്‍ ഉള്ളതല്ല നമുക്ക് അടുത്ത സിനിമ വരുമ്പോള്‍ ആലോചിക്കാമെന്ന് ചിലര്‍ പറയും. പെണ്ണുങ്ങള്‍ നിറയെ ഉള്ള സിനിമ ഉണ്ടാവാണേയെന്ന് അപ്പോഴൊക്കെ ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു.

ആരും പരിചയപ്പെടുത്തിയല്ല ഞാന്‍ ഈ രംഗത്തേക്ക് വന്നത്. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ വന്ന ആള്‍ ആണ് ഞാന്‍. അതേ വഴിയിലൂടെ എനിക്ക് നടന്നു ശീലമായത് കൊണ്ടും എന്റെ കാലുകള്‍ക്ക് ശക്തി ഉള്ളത് കൊണ്ടും ഇപ്പോഴും മുന്നോട്ട് പോകുന്നു. അല്ലാതെ വലിയ മാറ്റമൊന്നുമില്ല.

പ്രതിഫലത്തേക്കുറിച്ച് പറയുമ്പോഴും ബാക്കി സൗകര്യങ്ങളെക്കുറിച്ച് പറയുമ്പോഴും അവാര്‍ഡിന് മുന്നേ ഞാന്‍ എവിടെയാണോ ഉണ്ടായിരുന്നത് അവിടെ തന്നെയാണ് ഉള്ളത്. അവിടെ നിന്നും മുന്നോട്ട് വന്നിട്ടില്ല. അങ്ങനെ ഒരു ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു,” സുരഭി പറഞ്ഞു.

ഐശ്വര്യ ലക്ഷ്മി ലീഡ് റോളിലെത്തുന്ന കുമാരിയാണ് സുരഭിയുടെ പുതിയ ചിത്രം. വളരെ വ്യത്യസ്തമായ റോളിലാണ് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ നടിയെ കാണാന്‍ കഴിയുന്നത്.

content highlight: actress surabhi lakshmi said that At least in one scene she was praying that someone would call her