Advertisement
Entertainment news
ഞാന്‍ ചെയ്യേണ്ടെന്ന് വെച്ച് ഉപേക്ഷിച്ച് പോരാനൊരുങ്ങിയ സിനിമയായിരുന്നു കെട്ട്യോളാണെന്റെ മാലാഖ; അഭിനയം കണ്ട് എന്റെ മകള്‍ വരെ നോക്കിച്ചിരിച്ചു: സ്മിനു സിജോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 11, 05:40 am
Friday, 11th November 2022, 11:10 am

2018ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ‘ഞാന്‍ പ്രകാശനി’ലെ ചെറിയ വേഷം ചെയ്തുകൊണ്ട് മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് സ്മിനു സിജോ. പിന്നീട് നിസാം ബഷീറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ‘കെട്ട്യോളാണെന്റെ മാലാഖ’യിലെ സ്വാഭാവിക അഭിനയത്തിലൂടെയാണ് സ്മിനു ശ്രദ്ധിക്കപ്പെടുന്നത്.

എന്നാല്‍ കെട്ട്യോളാണെന്റെ മാലാഖയില്‍ അഭിനയിച്ചത് തുടക്കത്തിലൊന്നും ശരിയായി വന്നില്ലെന്നും പറ്റാതായപ്പോള്‍ ആ സിനിമ ഉപേക്ഷിച്ച് പോകാന്‍ ഒരുങ്ങിയിരുന്നെന്നും പറയുകയാണിപ്പോള്‍ സ്മിനു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

”കെട്ട്യോളാണെന്റെ മാലാഖ എന്ന പടം ഞാന്‍ ഉപേക്ഷിച്ച് പോരാന്‍ ഒരുങ്ങിയതായിരുന്നു. കാരണം എല്ലാ സിനിമയിലും നമ്മള്‍ കാണുന്ന ഒരു ചേച്ചിയുണ്ടല്ലോ, ആങ്ങളയെ ഭയങ്കരമായി സ്‌നേഹിക്കുന്ന ഒരു പാവം പെങ്ങള്‍, അത്തരമൊരു ചേച്ചി തന്നെയാണ് കെട്ട്യോളാണെന്റെ മാലാഖയിലേതും എന്നാണ് അവര് പറഞ്ഞത്.

പക്ഷെ ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ എന്റെ ചേച്ചി മാറും, അത് ഞാന്‍ തന്നെ ആയിപ്പോകുന്നു. അവസാനം ഒരു സീന്‍ 18 ടേക്ക് വരെ എടുത്തു.

എന്നെക്കൊണ്ട് പറ്റില്ല, എന്ന് ഞാന്‍ പറഞ്ഞു. ആ സിനിമയില്‍ അഭിനയിച്ച ചെറിയൊരു കുട്ടിയുണ്ടായിരുന്നു, സുരേഷ് ഗോപി എന്നായിരുന്നു പേര്. അവന്‍ വരെ, എല്ലാമറിയാമെന്ന ഭാവത്തില്‍, ‘ഇതെന്താ കാണിക്കുന്നത്’ എന്ന് എന്നോട് ചോദിച്ചു. എല്ലാവരുടെയും മുഖത്ത് ഇറിറ്റേഷനായിരുന്നു.

എന്റെ മോളുള്‍പ്പെടെ ചിരിക്കാന്‍ തുടങ്ങി. അവള്‍ സിനിമയിലും എന്റെ മകളായി അഭിനയിക്കുകയായിരുന്നു. അവള്‍ വരെ എന്നെ നോക്കി ചിരിച്ചു. എനിക്ക് കോംപ്ലക്‌സ് അടിച്ചു.

ഇത് ഞാന്‍ ചെയ്യുന്നില്ല, എന്ന് നിസാമിനോട് പറഞ്ഞു. അന്ന് എനിക്ക് ശരിക്കും സങ്കടമായി, ഞാന്‍ കരഞ്ഞു. മോന്‍ വേറെ ആരെയെങ്കിലും വെച്ച് ചെയ്‌തോ, ഞാന്‍ പോവാണ് എന്ന് പറഞ്ഞു.

പിറ്റേദിവസം നിസാം വന്ന് എന്നെ വിളിച്ച് മുറിയില്‍ കൊണ്ടിരുത്തി സംസാരിച്ചു. എന്താണോ ചേച്ചിക്ക് ചെയ്യാന്‍ പറ്റുന്നത് അത് ചെയ്യാന്‍ പറഞ്ഞു. അന്ന് നിസാം തന്ന ധൈര്യത്തിന്റെ പുറത്താണ് ഞാന്‍ ആ സിനിമ ചെയ്തത്.

എന്റെ വീട്ടില്‍ മൂന്ന് പെണ്‍മക്കളും ഒരു ആങ്ങളയുമാണുള്ളത്. ഞാനാണ് മൂത്തയാള്‍. എന്റെ ശരിക്കുള്ള തനിസ്വഭാവമാണ് ഞാന്‍ ആ സിനിമയിലും കൊടുത്തിരിക്കുന്നത്,” സ്മിനു പറഞ്ഞു.

ഷഫീഖിന്റെ സന്തോഷം, 1744 വൈറ്റ് ആള്‍ട്ടോ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന സ്മിനുവിന്റെ ചിത്രങ്ങള്‍.

ഓപ്പറേഷന്‍ ജാവ, ഹെവന്‍, സുന്ദരി ഗാര്‍ഡന്‍സ്, പ്രിയന്‍ ഓട്ടത്തിലാണ്, പ്രകാശന്‍ പറക്കട്ടെ, ജോ ആന്‍ഡ് ജോ, ഭ്രമം, നായാട്ട് എന്നീ ചിത്രങ്ങളിലെ സ്മിനുവിന്റെ പ്രകടനവും ഏറെ ശ്രദ്ധക്കപ്പെട്ടിരുന്നു.

Content Highlight: Actress Sminu Sijo says she wanted to abandon Kettyolaanu Ente Malakha movie