മുംബൈ: സിനിമാതാരം ശ്വേതാ മേനോന് അജ്ഞാതന്റെ ഫോണ്‍ ഭീഷണി. താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്തയുടനെയായിരുന്നു ഫോണിലൂടെ ഭീഷണിയെത്തിയത്. ഇത് സംബന്ധിച്ച് താരം മുംബൈയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
ആറ് ദിവസം മുമ്പാണ് തന്നെ എക്‌സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തെന്ന വിവരം വിളിച്ചറിയിച്ചതെന്നും തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെയാണ് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നതെന്നും താരം പറഞ്ഞു.
നിങ്ങളുടെ ഇന്‍ഡസ്ട്രി നിങ്ങളെ ചതിക്കും എന്നായിരുന്നു സന്ദേശം. പിന്നീട് ഫോണ്‍വെക്കുകയും ചെയ്തു. കോള്‍ കട്ടായതാണെന്ന് കരുതി താന്‍ തിരിച്ചുവിളിച്ചെങ്കിലും മറുപടിയുണ്ടായില്ല”, ശ്വേത പറഞ്ഞു.
തന്റെ രണ്ട് നമ്പറിലേക്കും കോള്‍ വന്നിരുന്നുവെന്നും, എല്ലാ വിവരങ്ങളും അറിയുന്ന ആള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും ശ്വേത പറഞ്ഞു.
അമേരിക്കയില്‍ നിന്ന് 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്വേത മുംബൈയിലെത്തിയത്. അമ്മയില്‍ എക്സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും അവര്‍ വ്യക്തമാക്കി.
നടന്‍ മോഹന്‍ ലാല്‍ ആണ് അമ്മയുടെ പുതിയ പ്രസിഡന്റ്. എതിരില്ലാതെ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. അമ്മയുടെ പുതിയ ഭരണസമിതി ജൂണ്‍ 24 നാണ് ചുമതലയേല്‍ക്കുന്നത്.
ശ്വേതയെ കൂടാതെ ഹണി റോസ്, രചന നാരായണന്‍ കുട്ടി, മുത്തുമണി എന്നീ വനിതാ താരങ്ങളെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ജൂണ്‍ 14 ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ കമ്മറ്റിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.