ഇന്റിമേറ്റ് സീനുകള്‍ ഉള്ളതുകൊണ്ട് ആ സിനിമകളോട് നോ പറഞ്ഞു: ശിവദ
Movie Day
ഇന്റിമേറ്റ് സീനുകള്‍ ഉള്ളതുകൊണ്ട് ആ സിനിമകളോട് നോ പറഞ്ഞു: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 1:01 pm

സു…സു..സുധി വാത്മീകം, ശിക്കാരി ശംഭു, ഇടി, അതെ കണ്‍കള്‍, സീറോ, അച്ചായന്‍സ്, തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. മലയാളത്തിന് പുറമെ തമിഴിലും അറിയപ്പെടുന്ന അഭിനേതാവാണ് ഇവര്‍. 2009 ല്‍ രഞ്ജിത് നിര്‍മിച്ച് ലാല്‍ ജോസ് സംവിധാനം ചെയ്ത കേരള കഫെയിലൂടെയാണ് ശിവദ അഭിനയരംഗത്തേക്ക് വരുന്നത്.

തുടക്കകാലം മുതല്‍ സിനിമകള്‍ വളരെ സൂക്ഷ്മതയോടെ തെരഞ്ഞെടുക്കുന്ന അഭിനേത്രിയാണ് ശിവദ. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് വിമുഖതയുണ്ടെന്നാണ് ശിവദ പറയുന്നത്. ഇന്റിമേറ്റ് സീനുകളും എക്‌സ്‌പോസിങ് രംഗങ്ങളും ചെയ്യാന്‍ താല്പര്യമില്ലാത്തതുകൊണ്ട് താന്‍ ഒഴിവാക്കിയ സിനിമകളുണ്ടെന്നാണ് അയാം വിത്ത് ധന്യാ വര്‍മ യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവദ പറയുന്നത്.

‘ചിലപ്പോള്‍ ഉള്ളില്‍ പഴഞ്ചന്‍ ചിന്തകളുള്ള ആത്മാവ് ഇപ്പോഴുമുള്ളതുകൊണ്ട് തോന്നുന്നതാകാം, അല്ലെങ്കില്‍ എനിക്ക് എന്റെ ശരീരം എക്‌സ്‌പോസ് ചെയ്യുന്നതില്‍ കോണ്‍ഫിഡന്റ് ഇല്ലാത്തതുകൊണ്ടുമാകാം, എന്തായാലും ഇന്റിമേറ്റ് സീന്‍സ് ചെയ്യാനും എന്നെ കൂടുതല്‍ എക്‌സ്‌പോസ് ചെയ്യാനും താല്പര്യം ഇല്ല. അങ്ങനെ ചെയ്യുന്നവരെ കാണുമ്പോള്‍ അവരുടെ കോണ്‍ഫിഡന്‍സില്‍ അത്ഭുതപ്പെടാറുണ്ട്. എനിക്ക് എന്താണാവോ ആ കോണ്‍ഫിഡന്‍സ് ഇല്ലാത്തത് എന്നോര്‍ക്കും. ഇത്തരം സീനുകള്‍ ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം നോ പറഞ്ഞ സിനിമകളും ഉണ്ട്.’ ശിവദ പറയുന്നു.

ഇപ്പോഴുള്ള സിനിമകള്‍ ഇത്തരം സീനുകള്‍ കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട്. ആ കാരണത്താല്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ കുറയുന്നുണ്ടെന്ന് തോന്നിയിണ്ടെന്നും ശിവദ പറയുന്നു.

സിനിമയിലേക്ക് വരുന്നതിന് മുന്‍പ് ശിവദ ചാനല്‍ അവതാരികയായിരുന്നു. എഞ്ചിനിയറിങ് ബിരുദധാരിയായ ഇവര്‍ നിരവധി ആല്‍ബം പാട്ടുകളിലും അഭിനയിച്ചിട്ടുണ്ട്. യാതൊരുവിധ സിനിമാപാരമ്പര്യങ്ങളും ഇല്ലാതെ സ്വന്തം പ്രയത്‌നം കൊണ്ട് സിനിമയിലേക്ക് വന്ന ആളുകൂടിയാണ് ശിവദ.

ജയസൂര്യയും ശിവദയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് 2015 നവംബര്‍ 30 ന് പ്രദര്‍ശനത്തിനെത്തിയ സു.. സു… സുധി വാത്മീകം ഒരേ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി. ഈ ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യക്ക് അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേകപരാമര്‍ശം ലഭിച്ചു. ശിവദയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

തമിഴില്‍ അടുത്തിടെ ഇറങ്ങിയ ഗരുഡന്‍ എന്ന സിനിമയും അതില്‍ ശിവദ അവതരിപ്പിച്ച തമിഴ് സെല്‍വി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. നല്ല ഒരുപിടി ചിത്രങ്ങളുമായി തമിഴിലും മലയാളത്തിലും തിരക്കുള്ള നായികയാണ് താരം.

Content Highlight: Actress Shivada about her film career and intimate scenes