national news
കൊല്‍ക്കത്തയിലെ പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റില്‍; 75,000 രൂപ കണ്ടെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 13, 01:28 pm
Sunday, 13th March 2022, 6:58 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ പോക്കറ്റടി നടത്തിയെന്നാരോപിച്ച് നടി രൂപ ദത്തയെ ബിധാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയില്‍ നിന്ന് 75,000 രൂപയും നിരവധി പേഴ്സുകളും കണ്ടത്തിയതായി പൊലീസ് അറിയിച്ചു.

വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങള്‍ നടിയുടെ ഡയറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്നാണ് വിവരം. നടിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരേ ആരോപണം ഉന്നയിച്ച് രൂപ ദത്ത വിവാദത്തിലായിരുന്നു. അനുരാഗ് കശ്യപ് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നായിരുന്നു നടിയുടെ ആരോപണം.

സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും നടി പങ്കുവെച്ചിരുന്നു. എന്നാല്‍ അനുരാഗ് എന്ന് പേരുള്ള മറ്റൊരാളാണ് നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.