ഇന്ത്യ ഈസ് ബ്ലീഡിംഗ്; കൊവിഡില്‍ ഇന്ത്യയെ സഹായിക്കാന്‍ ഫണ്ട് രൂപീകരിച്ച് പ്രിയങ്ക ചോപ്ര
national news
ഇന്ത്യ ഈസ് ബ്ലീഡിംഗ്; കൊവിഡില്‍ ഇന്ത്യയെ സഹായിക്കാന്‍ ഫണ്ട് രൂപീകരിച്ച് പ്രിയങ്ക ചോപ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 5:57 pm

ന്യൂയോര്‍ക്ക: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന ഇന്ത്യയെ സഹായിക്കാന്‍ ധനസമാഹരണത്തിനായി ഒരു ഫണ്ട് രൂപീകരിക്കാനൊരുങ്ങി നടി പ്രിയങ്ക ചോപ്ര ജൊനാസ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം.

ഇന്ത്യയിലെ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുകളും പ്രതിസന്ധിയിലാണ്. ആശുപത്രികളില്‍ താങ്ങാവുന്നതിലധികം രോഗികള്‍. ഐ.സി.യുകളില്‍ സ്ഥലമില്ല. ഓക്‌സിജന്‍ കിട്ടാനില്ല. മരണനിരക്ക് കുത്തനെ കൂടുന്നു. ഇന്ത്യ എന്റെ വീടാണ്. ഇപ്പോള്‍ മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ് എന്റെ രാജ്യം’, പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഈ അവസരത്തില്‍ ഇന്ത്യയെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്നും ലോകത്തുള്ള എല്ലാവരോടും ഈ ക്യാംപെയിനില്‍ പങ്കെടുത്ത് തങ്ങളാല്‍ കഴിയുന്ന സഹായം ഇന്ത്യയ്ക്കായി ചെയ്യണമെന്ന് അപേക്ഷിക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.

നേരത്തെ ഇന്ത്യ നേരിടുന്ന വാക്‌സിന്‍ ക്ഷാമത്തിലും രാജ്യത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു.
ഇന്ത്യയുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും വാക്സിന്‍ നല്‍കാന്‍ തയ്യാറാകണമെന്നുമാണ് പ്രിയങ്ക ആവശ്യപ്പെട്ടത്.

‘എന്റെ ഹൃദയം നുറുങ്ങുകയാണ്. ഇന്ത്യ കൊവിഡ് 19 മൂലം കടുത്ത ദുരിതം അനുഭവിക്കുകയാണ്. എന്നാല്‍ അമേരിക്ക ആവശ്യമുള്ളതിനേക്കാള്‍ 550 മില്യണ്‍ വാക്സിന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നു.

ആസ്ട്രസെനക്ക വാക്സിന്‍ ലോകം മുഴുവനുമായി പങ്കുവെച്ചതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്ത്യയ്ക്ക് കുറച്ച് വാക്സിന്‍ നല്‍കാന്‍ നിങ്ങള്‍ തയ്യാറാകുമോ,’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റൊണാള്‍ഡ് ക്ലെയ്ന്‍, സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ് ചെയ്തത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Priyanaka Chopra Fund Raiser To Help India Amid Covid Surge