മടിയുടെ ഒരു ക്ഷീണം മൊത്തത്തില്‍ എനിക്കുണ്ട്: കുറച്ച് ആക്ടീവായി ആള്‍ക്കാര്‍ക്ക് തോന്നിക്കോട്ടെ എന്നുകരുതി മേക്കപ്പിടുന്നതാണ്: തഗ്ഗ് മറുപടികളുമായി നിഖില വിമല്‍
സിബി മലയില്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് കൊത്ത്. ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ നിഖില വിമലാണ് നായിക.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നിഖില വിമല്‍ അരവിന്ദന്റെ അതിഥികളിലെ നായിക വേഷത്തോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു യമണ്ടന്‍ പ്രേമകഥ, പ്രീസ്റ്റ്, ജോ ആന്‍ഡ് ജോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത വേഷങ്ങളിലെത്തി കയ്യടി നേടിയിട്ടുണ്ട്.
സിനിമകളില്‍ നായികമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക മേക്കപ്പിനെ കുറിച്ചും ചില പ്രിവിലേജുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിഖില വിമല്‍.
സിനിമകളില്‍ പൊതുവേ മേക്കപ്പ് ഇടാതെ അഭിനയിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പൊതു പരിപാടികളിലൊക്കെ പങ്കെടുക്കാന്‍ പോകുമ്പോള്‍ താന്‍ മേക്കപ്പ് ഇടുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു.
അരവിന്ദന്റെ അതിഥികളില്‍ നിഖിലയെ കാണാന്‍ ഭയങ്കര ഭംഗിയാണെന്ന് ആളുകള്‍ പറയുന്നുണ്ട്. നിഖില ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ഭംഗിയുള്ള കഥാപാത്രം അതായിരുന്നു എന്നാണ് പറയുന്നത്. അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
‘നിങ്ങള്‍ ശ്രദ്ധിച്ചുകഴിഞ്ഞാല്‍ അറിയാം സിനിമയില്‍ നായികമാര്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ എഫക്ട് ലൈറ്റ്‌സൊക്കെയുണ്ടാകും. ഭയങ്കര ഗ്ലോ ആയിട്ടും ബ്രൈറ്റ് ആയിട്ടും കാണിക്കാന്‍. അത് എല്ലായിടത്തും നായികമാര്‍ക്ക് കിട്ടുന്ന പ്രത്യേക പ്രിവിലേജാണ്. എനിക്ക് പൊതുവെ ആ പ്രിവിലേജ് കുറവേ കിട്ടിയിട്ടുള്ളൂ. അരവിന്ദന്റെ അതിഥികളില്‍ അത്തരത്തില്‍ ചില ബ്യൂട്ടി ഷോട്ടുണ്ട്. പിന്നെ യമണ്ടന്‍ പ്രേമകഥയിലെ ഒരു പാട്ടിലും ബ്യൂട്ടി ഷോട്ട് ഉണ്ടായിരുന്നു,’ നിഖില പറഞ്ഞു.
പൊതുവെ മേക്കപ്പിനോട് വലിയ താത്പര്യമില്ലേ എന്ന ചോദ്യത്തിന് ചില പരിപാടികള്‍ക്കൊക്കെ പോകുമ്പോള്‍ താന്‍ മേക്കപ്പ് ഇടാറുണ്ടെന്നും അതിന് ചില കാരണങ്ങള്‍ ഉണ്ടെന്നുമായിരുന്നു താരത്തിന്റെ മറുപടി.
‘സിനിമയുടെ പ്രൊമോഷന്‍ പോലുള്ള ചില പരിപാടികള്‍ക്കൊക്കെ പോകുമ്പോള്‍ മേക്കപ്പ് ഇടാറുണ്ട്. അത് മാന്‍ഡേറ്ററി ആണ് എന്നുള്ളതുകൊണ്ടാണ്. പിന്നെ മൊത്തത്തില്‍ എനിക്ക് മടിയുടെ ഒരു ക്ഷീണമുണ്ട്. (ചിരി). അതുകൊണ്ട് കുറച്ചെന്തെങ്കിലും ആക്ടീവായിട്ട് ആളുകള്‍ക്ക് തോന്നിക്കോട്ടെ എന്ന് കരുതിയിട്ട് ഇടുന്നതാണ്.
പൊതുവെ മേക്കപ്പ ഇടാറില്ല. കൊത്തിലും ജോ ആന്‍ഡ് ജോയിലും ഒന്നും മേക്കപ്പ് ഇല്ല. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഈ കഥാപാത്രങ്ങള്‍ക്കൊന്നും അത്ര മേക്കപ്പ് ആവശ്യമുണ്ടാകില്ല. പിന്നെ കൊത്തില്‍ മേക്കപ്പ് ആവശ്യമുള്ള ചില സീനുണ്ട്. അതില്‍ ഇട്ടിട്ടുണ്ട്. ആരെങ്കിലും മേക്കപ്പ് ഇടണ്ട എന്ന് പറഞ്ഞാല്‍ ഭയങ്കര സന്തോഷമാണ്. കാരണം അതിന് വേണ്ടി നമ്മള്‍ കുറേ സമയം ഇരിക്കേണ്ടി വരും. ഉദാഹണം പറഞ്ഞാല്‍ മേക്കപ്പ് ഉണ്ടെങ്കില്‍ നമ്മള്‍ സെറ്റില്‍ രാവിലെ 6.30 ന് ഇവരണം. മേക്കപ്പും ഹെയറും ഇല്ലെങ്കില്‍ 7. 30 ന് വന്നാല്‍ മതി. (ചിരി), നിഖില പറയുന്നു.
അഭിമുഖങ്ങളില്‍ വരുന്ന ചില ക്ലീഷേ ചോദ്യങ്ങളെ കുറിച്ചും താരം സംസാരിച്ചു. ആസിഫിന്റെ കൂടെ വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സ് എങ്ങനെ ഉണ്ടായിരുന്നു, റോഷന്റെ കൂടെ വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സ് എങ്ങനെ ഉണ്ടായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ സ്ഥിരമായി വരുന്നതാണ്. ചിലപ്പോള്‍ നിങ്ങള്‍ ഇത് ആസിഫിക്കയുടെ അടുത്ത് ചോദിക്കില്ല. അതുപോലെ ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ചാല്‍ നിങ്ങള്‍ ഒരിക്കലും മമ്മൂക്കയുടെ അടുത്ത് നിഖിലയുടെ കൂടെ വര്‍ക്ക് ചെയ്തപ്പോഴുള്ള എക്‌സ്പീരിയന്‍സ് എന്തായിരുന്നെന്ന് ചോദിക്കില്ല.
നമ്മള്‍ എല്ലാവരേയും കോ ആര്‍ടിസ്റ്റായി കണ്ട് റെസ്പക്ട് ചെയ്ത് വര്‍ക്ക് ചെയ്യുന്നവരാണ്. ആ റെസ്‌പെക്ട് എല്ലാവര്‍ക്കും എല്ലാവരോടും ഉണ്ടാകും. അതുകൊണ്ട് തന്നെ അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്നയാളുടെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ വളരെ മോശം എക്‌സ്പീരിയന്‍സ് ആയിരുന്നു എന്ന് ഏതെങ്കിലും ഒരാള്‍ ഒരു അഭിമുഖത്തില്‍ വന്ന് പറഞ്ഞത് ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അങ്ങനെ ആണെങ്കില്‍ പോലും ആരും പറയില്ല. ജനറല്‍ ക്ലീഷേ ക്വസ്റ്റ്യനില്‍ ഒന്ന് ഇതാണ്. ഒരു ദിവസം നമ്മള്‍ 15 ഇന്റര്‍വ്യൂ കൊടുക്കുകയാണെങ്കില്‍ ആ പതിനഞ്ചിലും ഇതേ ചോദ്യമുണ്ടാകും. ഉത്തരം ഒന്നുതന്നെയായരിക്കും. പിന്നെ ഉത്തരം പറയുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്, നിഖില പറഞ്ഞു.
Content Highlight: Actress Nikhila Vimal About the special Privilage on Actress and Make Up