'അത്യാവശ്യം വായ്‌നോക്കുന്ന ആളാണ് ഞാന്‍, പക്ഷേ...; മമ്മൂക്കയുടെ മുഖത്തുനിന്നും കണ്ണെടുക്കാതെയുള്ള ആ നോട്ടത്തിന് പിന്നിലെ കഥ പറഞ്ഞ് നിഖില
Malayalam Cinema
'അത്യാവശ്യം വായ്‌നോക്കുന്ന ആളാണ് ഞാന്‍, പക്ഷേ...; മമ്മൂക്കയുടെ മുഖത്തുനിന്നും കണ്ണെടുക്കാതെയുള്ള ആ നോട്ടത്തിന് പിന്നിലെ കഥ പറഞ്ഞ് നിഖില
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th March 2021, 11:05 am

പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടന്‍ മമ്മൂട്ടിയുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ ഇരിക്കുന്ന നടി നിഖില വിമലന്റെ ഫോട്ടോകളും വീഡിയോകളും അടുത്തിടെ വൈറലായിരുന്നു. മമ്മൂട്ടിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നുകൊണ്ടായിരുന്നു നിഖില മമ്മൂട്ടിയുടെ മുഖം തന്നെ നോക്കി നില്‍ക്കുന്നത്.

മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂക്കയുടെ മുഖത്തുനിന്നും കണ്ണെടുക്കാതെയുള്ള നിഖിലയുടെ രസകരമായ നോട്ടം വലിയ രീതിയില്‍ ട്രോളന്‍മാര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഒരു മയത്തിനൊക്കെ നോക്കെന്നും ഇതെന്തൊരു നോട്ടമാണെന്നും എല്ലാം പറഞ്ഞായിരുന്നു ട്രോളന്‍മാര്‍ നിഖിലയെ ട്രോളിയത്.

ഈ ട്രോള്‍ പങ്കുവെച്ച് നടിയും നിഖിലയുടെ സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ അന്നത്തെ ആ നോട്ടത്തെ കുറിച്ചും നോട്ടത്തിന് പിന്നിലെ കഥയെ കുറിച്ചും മനസുതുറക്കുകയാണ് നിഖില. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരം അന്നത്തെ തന്റെ നോട്ടത്തെ കുറിച്ച് സംസാരിച്ചത്.

അത്യാവശ്യം വായ് നോക്കുന്നയാളാണ് താനെന്നും, പക്ഷേ മമ്മൂക്കയെ വായ്‌നോക്കിയതല്ലെന്നുമാണ് നിഖില പറഞ്ഞത്. മമ്മൂക്ക സംസാരിച്ചത് ഞാന്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഭയങ്കര എക്സൈറ്റഡായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമിലെടുത്ത ഫോട്ടോ ആയതു കൊണ്ടാണ് വായ് നോട്ടം പോലെ ആയതെന്ന് നിഖില പറഞ്ഞു.

‘സിനിമ കാണാനായി തിയേറ്ററില്‍ പോയ സമയത്ത് കുറച്ച് മമ്മൂക്ക ഫാന്‍സ് എന്റെ അടുത്ത് വന്നു. ഞങ്ങള്‍ക്ക് ഭയങ്കര ദേഷ്യമായിരുന്നു നിങ്ങളോടെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ഞങ്ങളുടെ ഉളളിലുളള മമ്മൂക്കയെയാണ് നിങ്ങള്‍ നോക്കി കൊണ്ടിരുന്നതെന്ന് പറഞ്ഞു. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ ഫാന്‍സിനോടും എനിക്ക് പറയാനുളളത്, മമ്മൂക്കയെ ഞാന്‍ കണ്ണുവയ്ക്കുകയായിരുന്നില്ല’, നിഖില പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. മമ്മൂക്ക കുറച്ച് സീരിയസ് ആയിരിക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അല്ലായിരുന്നുവെന്നും കൂടെ അഭിനയിക്കുന്നവരെ കൂളായിട്ട് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അദ്ദേഹവുമൊത്ത് വളരെ കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ തനിക്ക് സാധിച്ചെന്നും നിഖില പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Nikhila Vimal About Mammootty