Advertisement
Entertainment news
മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ചില യൂട്യൂബ് ചാനലില്‍ വാര്‍ത്തയായി വരുന്നത്, ഇവര്‍ക്കൊന്നുമെന്താ നിയന്ത്രണം വരാത്തത്: നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 30, 05:44 am
Friday, 30th September 2022, 11:14 am

ബാലതാരമായി അഭിനയത്തിലേക്ക് എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് നമിത പ്രമോദ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാകുന്നത്.

ഓണ്‍ലൈന്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നമിത ഇപ്പോള്‍. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും അത്തരത്തില്‍ തന്നെ വേദനിപ്പിച്ച വാര്‍ത്തളെക്കുറിച്ചും വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയാണ് നമിത.

”പലരും ഇന്റര്‍വ്യൂസ് കണ്ടിട്ട് കൊടുക്കുന്ന തലക്കെട്ടുകള്‍ കാണുമ്പോള്‍ തോന്നും ഇവര്‍ക്ക് ഒന്നുമെന്താ റെസ്ട്രിക്ഷന്‍ വരാത്തതെന്ന്. അത്തരം തലക്കെട്ടുകള്‍ തലവേദനയുണ്ടാക്കുന്ന കാര്യമാണ്. യൂട്യൂബില്‍ ഒരുപാട് മീഡിയ ഹൗസുണ്ട്. അതില്‍ ഭൂരിഭാഗം ആളുകളും വളരെ സത്യസന്ധമായി വാര്‍ത്ത കൊടുക്കുന്നവരാണ്.

പക്ഷേ അതില്‍ ചില ചെറിയ മാധ്യമങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകള്‍ പലതും ഞങ്ങളൊന്നും ഇന്നേവരെ വിചാരിക്കാത്ത കാര്യങ്ങളാണ്. അതിലൊക്കെ എഴുതി വരുന്നത് ഒരിക്കല്‍ പോലും മനസില്‍പോലും ചിന്തിക്കാത്തതാണ്.

ഒരിക്കലും നടക്കാത്ത പല കാര്യങ്ങളും എഴുതികാണുന്നുണ്ട്. സാധാരണ ചേച്ചിമാരും ചേട്ടന്മാരും ഫോണ്‍ എടുത്ത് നോക്കുമ്പോള്‍ ഇതൊക്കെയാണ് കാണുക. അവര്‍ ഇതെല്ലാം വായിച്ച് തെറ്റിദ്ധരിക്കും. അതാണ് ഇത്തരം വാര്‍ത്തകളുടെ പ്രശ്‌നം.

എങ്ങനെയാണ് ഇത് കണ്‍ട്രോള്‍ ചെയ്യുക എന്ന് എനിക്കറിയില്ല. തെറ്റായ കാര്യമാണ് അത്തരം മാധ്യമങ്ങള്‍ ചെയ്യുന്നത്. ആര്‍ക്കും ആരെപ്പറ്റിയും എന്തുമെഴുതാമെന്ന നിലപാടാണ്. അത്തരം തെറ്റായ കാര്യങ്ങള്‍ കൊടുക്കുമ്പോള്‍ അതിന് കാഴ്ചക്കാരുണ്ടെന്നതാണ് ഇത്തരം വാര്‍ത്ത കൊടുക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

എന്റെ കൂടെ വര്‍ക്ക് ചെയ്ത ഒരു ചേച്ചിയുടെ കുഞ്ഞിനെ പറ്റി ഇത്തരത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഞാന്‍ അവരുടെ പേര് പറയുന്നില്ല. ചേച്ചി ഈ കാര്യം സ്റ്റാറ്റസായിട്ട് ഇട്ടിട്ടുണ്ടായിരുന്നു. ചേച്ചിക്ക് റിയാക്റ്റ് ചെയ്തൂടെയെന്ന് ഞാന്‍ ചോദിച്ചു.

മുന്നേ തന്നെ പരാതിപ്പെട്ടതാണ് പക്ഷേ ഒരു റിയാക്ഷനും ഉണ്ടായില്ലെന്നാണ് ചേച്ചി പറഞ്ഞത്. എനിക്ക് അതില്‍ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. എന്നെക്കുറിച്ച് പോലും എന്തൊക്കെയാണ് യൂട്യൂബില്‍ വരുന്നത്. അതൊക്കെ കാണുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ടാണ് തോന്നുന്നത്. ആര്‍ക്ക് വേണെങ്കിലും ന്യൂസ് ചാനല്‍ തുടങ്ങാം ആരെക്കുറിച്ചും എന്തും എഴുതാം എന്ന അവസ്ഥയാണ്,” നമിത പ്രമോദ് പറഞ്ഞു.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോയാണ് നമിതയുടെ പുതിയ സിനിമ. പേര് കാരണം ഏറെ വിവാദങ്ങള്‍ സിനിമയ്‌ക്കെതിരെ ഉണ്ടായിരുന്നു.ഏപ്രില്‍ മാസം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലര്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.അരുണ്‍ നാരയണണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ തന്നെയാണ് ചിത്രത്തിന്റെ സംഗീതം സംവിധായകനും.

Content Highlight: Actress Namitha Pramod against online media