നാട്ടിലെ സ്‌കൂളില്‍ പഠിക്കാത്തത് കൊണ്ട് ആ സീന്‍ ചെയ്യല്‍ വലിയ ചലഞ്ചായിരുന്നു, ഒരിക്കലും മറക്കില്ല: മംമ്ത
Entertainment news
നാട്ടിലെ സ്‌കൂളില്‍ പഠിക്കാത്തത് കൊണ്ട് ആ സീന്‍ ചെയ്യല്‍ വലിയ ചലഞ്ചായിരുന്നു, ഒരിക്കലും മറക്കില്ല: മംമ്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd March 2023, 10:17 pm

മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ചിത്രത്തിലെ നാലുമണി പൂവ് എന്ന പാട്ടില്‍ അഭിനയിക്കാന്‍ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് പറയുകയാണ് മംമ്ത.

യൂണിഫോം ധരിച്ചിട്ടാണ് പാട്ടില്‍ അഭിനയിച്ചതെന്നും കൂടാതെ ചോറ്റുപാത്രം താന്‍ ഇതുവരെ പിടിച്ചിട്ടില്ലെന്നും മംമ്ത പറഞ്ഞു. നാട്ടിലെ സ്‌കൂളുകളില്‍ പഠിക്കാത്തതിനാല്‍ തനിക്ക് പരിചയമില്ലാത്തതാണ് ചെയ്തതെന്നും മംമ്ത പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മഹേഷും മാരുതിയിലും ഞാന്‍ അനുഭവിച്ച ഏറ്റവും വലിയ ചലഞ്ച് സ്‌കൂള്‍ യൂണിഫോം ഇട്ട് നടന്നതാണ്. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് യൂണിഫോം ഇട്ടത്. അതിപ്പോള്‍ എത്ര കാലമായി. സിനിമയില്‍ കാണിക്കുന്ന പോലൊരു സ്റ്റീല്‍ ബോക്‌സ് ഞാന്‍ ഇതുവരെ പിടിച്ചിട്ടില്ല.

കാരണം ഞാന്‍ നാട്ടിലെ സ്‌കൂളില്‍ പോയിട്ടില്ല. അതുകൊണ്ട് ആ സ്റ്റീല്‍ ബോക്‌സ് എങ്ങനെ പിടിക്കണമെന്ന് അറിയില്ലായിരുന്നു. ആദ്യമായിട്ടാണ് അത് പിടിച്ച് നടക്കുന്നത്. ആ അനുഭവം ഞാന്‍ ഒരിക്കലും മറക്കില്ല,” മംമ്ത പറഞ്ഞു.

മാര്‍ച്ച് പത്തിനാണ് മഹേഷും മാരുതിയും തിയേറ്ററില്‍ എത്തുന്നത്. 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെയും വി.എസ്.എല്‍ ഫിലിം ഹൗസിന്റെയും ബാനറില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത്‌ മണിയന്‍പിള്ള രാജുവാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അദ്ദേഹവും അഭിനയിക്കുന്നുണ്ട്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. 2010 ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

content highlight: actress mamtha mohandas about maheshum maruthiyum