Movie Day
അനശ്വര ഒഴികെ ഞങ്ങള്‍ എല്ലാവരും ഓഡീഷനിലൂടെയാണ് എത്തിയത്; സൂപ്പര്‍ ശരണ്യയെ കുറിച്ച് മമിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 15, 10:12 am
Tuesday, 15th February 2022, 3:42 pm

സൂപ്പര്‍ ശരണ്യയിലെ സോന, ഓപ്പറേഷന്‍ ജാവയിലെ അല്‍ഫോണ്‍സ, ഖോ ഖോയിലെ അഞ്ജു, സര്‍വോപരി പാലാക്കാരനിലെ രാധിക, ചുരുങ്ങിയ കാലത്തിനിടെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ എത്തി മലയാള സിനിമയില്‍ ഇടംപിടിച്ച താരമാണ് മമിത ബൈജു. അഭിനയിച്ച എല്ലാ സിനിമകളിലും തന്റേതായ ഒരു ശൈലി കൊണ്ടുവരാന്‍ മമിത ശ്രമിച്ചിട്ടുണ്ട്. സൂപ്പര്‍ ശരണ്യയിലെ സോനയും അത്തരത്തില്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ കഥാപാത്രമായിരുന്നു.

സൂപ്പര്‍ശരണ്യയിലേക്കുള്ള തന്റെ വരവിനെ കുറിച്ചും ആ കഥാപാത്രമാക്കി തന്നെ മാറ്റിയെടുത്തതിനെ കുറിച്ചുമെല്ലാം പറയുകയാണ് മമിത. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

‘സൂപ്പര്‍ ശരണ്യയിലേക്ക് അനശ്വര ഒഴികെ ഞങ്ങള്‍ എല്ലാവരും ഓഡീഷനിലൂടെയാണ് എത്തുന്നത്. അനശ്വരയോടൊപ്പമുള്ള അഭിനയം നല്ല രസമായിരുന്നു. സോനയുടെ പ്രിയപ്പെട്ട ശാരു. സൂപ്പര്‍ ശരണ്യ അനുവിനേയും ദേവികയേയും റോസ്‌ന ജോഷിയേയും കൂട്ടുകാരായി തന്നു.

സിനിമയില്‍ കണ്ട അതേ സൗഹൃവും സ്‌നേഹവും ഞങ്ങള്‍ എല്ലാവരും തമ്മില്‍ ഉണ്ടായിരുന്നു. ഹോസ്റ്റല്‍ സീനുകള്‍ ഏറെ ആസ്വദിച്ചാണ് ചെയ്തത്. സിനിമ കണ്ട ശേഷം എന്നെ സോനാരേ എന്ന് വിളിക്കുന്നവരുണ്ട്. അതില്‍ ഏറെ സന്തോഷം. ക്ലൈമാക്‌സില്‍ സോന അങ്ങനെ ആയിപ്പോയതില്‍ ചെറിയ വിഷമം തോന്നിയിരുന്നു. സോനാരേ എനിക്ക് തന്നതിന് സംവിധായകന്‍ ഗിരീഷേട്ടനോടും എ.ഡി ടീമിനോടും വലിയ നന്ദിയുണ്ട്, മമിത പറയുന്നു.

സോനയില്‍ പക്ഷേ മമിത തീരെയില്ല. മമിതയുടെ ചില ആക്ഷന്‍ സോന അതേപോലെ ചെയ്യുന്നുണ്ട്. രണ്ട് പേരും തമ്മില്‍ വ്യത്യാസങ്ങളാണ് കൂടുതല്‍. മൊത്തം സോന തന്നെയാണ്. സോന പൊളിയാണ്. ആരേയൂം കൂസാത്ത പ്രകൃതമായതുകൊണ്ടാണ് ആളുകള്‍ക്ക് പ്രിയപ്പെട്ടതായത്.
സോനയുടെ തഗ് മറുപടികളും സ്റ്റൈലും ആറ്റിറ്റിയൂഡും എല്ലാം ഇഷ്ടപ്പെട്ടു. സോന എന്ന കഥാപാത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ല.

സോനയുടെ സ്വഭാവമുള്ള പെണ്‍കുട്ടികളെ പരിചയമില്ല. അവിടേയും ഇവിടേയും ചില സാമ്യതകളുള്ളവരെ അറിയാം. ഒരു കാര്യത്തെ സോന സമീപിക്കുന്ന അതേ രീതിയില്‍ തന്നെ കാണുന്നവരെ എനിക്ക് അറിയാം.

ഒരു കൊച്ചിക്കാരിയാകാന്‍ ഗിരീഷേട്ടനും ടീമും സഹായിച്ചു. ലുക്കിലും നടപ്പിലും പോലും തനി കൊച്ചി എന്നെ കൊണ്ടു എത്തിച്ചത് അവരാണ്,’ മമിത ബൈജു പറയുന്നു.

Content Highlight: Actress Mamitha Baiju About Super Sharanya