Entertainment news
ശ്ശൊ... എന്ത് കഷ്ടമാണെന്നാണ് പൃഥ്വി പറയുക, ആ കാര്യത്തില്‍ ലാലിനെ കണ്ട് പഠിക്കാന്‍ ഞാന്‍ അവനോട് പറയും: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 25, 02:23 pm
Saturday, 25th February 2023, 7:53 pm

ലൊക്കേഷനില്‍ കാണാനെത്തുന്ന ആരാധകരുടെ കൂടെ ഫോട്ടോ എടുക്കാനായി നില്‍ക്കാന്‍ പൃഥ്വിരാജിന് മടിയാണെന്ന് മല്ലിക സുകുമാരന്‍. കാരവാനില്‍ നിന്ന് അതിനായി പുറത്തിറങ്ങുന്നത് പൃഥ്വിരാജിന് ഇഷ്ടമില്ലാത്ത കാര്യമാണെന്നും മല്ലിക പറഞ്ഞു.

ആ കാര്യത്തില്‍ മോഹന്‍ലാലിനെ കണ്ട് പഠിക്കാന്‍ താന്‍ പറയാറുണ്ടെന്നും മല്ലിക പറഞ്ഞു. ഒരു ദിവസം നൂറോളം ആളുകളുടെ കൂടെ ഒരു മടിയും കൂടാതെ നിന്ന് കൊടുക്കുന്ന വ്യക്തിയാണ് മോഹന്‍ലാലെന്നും മല്ലിക പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലൊക്കേഷനില്‍ ചെന്ന് ആരാധകര്‍ ഫോട്ടോ എടുക്കാന്‍ വിളിക്കുമ്പോള്‍ കാരവാനില്‍ നിന്ന് ഇറങ്ങി പോവാന്‍ രാജുവിന് ഭയങ്കര മടിയാണ്. ശ്ശോ.. എന്ത് കഷ്ടമാണെന്നാണ് അവന്‍ പറയുക.

അതിനൊക്കെ ഞാന്‍ അവനോട് പറയാറുണ്ട്, ആ ലാലേട്ടനെ കണ്ടോ… എത്ര ക്ഷീണിച്ചിരുന്നാലും ഒരു മടിയും ഇല്ലാതെ അവരുടെ കൂടെ നിന്ന് കൊടുക്കുമെന്ന്. ആ ബ്രോ ഡാഡിയില്‍ ഞാന്‍ കണ്ടതാണ്. സത്യം, മോഹന്‍ലാലിനെ സമ്മതിക്കണം. നൂറ് പേരുടെ കൂടെയൊക്കെയാണ് ഫോട്ടോ എടുക്കുന്നത്.

പത്ത് പേരെ കൂടെ എടുക്കുമ്പോഴേക്കും നമ്മളുടെ പിള്ളേര് മതി നാളെ എടുക്കാമെന്ന് പറയും. അവരെ കുറ്റം പറഞ്ഞതല്ല. ഒരു ഷോട്ട് കഴിയുമ്പോഴേക്കും ഭയങ്കര ക്ഷീണമായിരിക്കും. പിന്നെ അടുത്ത ഷോട്ടിനുള്ളതൊക്കെ ആലോചിക്കാനുണ്ടാകും.

കുറച്ച് ഒക്കെ നിന്ന് കൊടുക്കണം, അവരുടെ സന്തോഷമല്ലെയെന്ന് ആ സമയത്ത് ഞാന്‍ പറയാറുണ്ട്. ഈ പറയുന്ന ഞാന്‍ വലിയ താരമൊന്നുമല്ല. പക്ഷെ എനിക്ക് പുറത്ത് പോകാന്‍ കഴിയുന്നില്ല. അത്രയും ആളുകളാണ് എന്റെ അടുത്തേക്ക് വരുന്നത്. പക്ഷെ ഇപ്പോള്‍ രാജു കുറച്ച് മാറിയിട്ടുണ്ട്. എന്നാല്‍ തിരക്കാണ് അവനെന്ന് എനിക്ക് അറിയാം,” മല്ലിക പറഞ്ഞു.

content highlight: actress mallika sukumaran about mohanlal